ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളും,വിഘ്‌നങ്ങളും സമ്മാനിച്ച വർഷമാണ് 2020. പുതുവർഷവും സമാനമായ ദുരിത പൂർണമായ ദിനങ്ങളൊരുക്കി കാത്തിരിക്കയാണെന്നാണ് സൂചനകൾ.
ഇതിനിടയിലും പ്രതീക്ഷയുടെ ചില ചെറു കിരണങ്ങൾ മനുഷ്യജീവിതത്തിൽ പുതിയ നാമ്പുകൾ തീർക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. പ്രതിസന്ധികളെ അവസരമാക്കി മുന്നോട്ടു കൊണ്ടുപോകുന്ന ധാരാളം അനുഭവങ്ങളും നമുക്ക് ചുറ്റുമുണ്ട്. ആഗോള തലത്തിലെ സൂചനകൾ പരിശോധിക്കുമ്പോൾ ചൈനയുടെ വ്യാപാര വിതരണ ശൃംഖലയും,
പാരസ്പര്യവും അവസാനിപ്പിച്ച് അമേരിക്ക മുന്നോട്ടു പോകുന്നതായി കാണാം. പടിഞ്ഞാറൻ രാജ്യങ്ങളും അമേരിക്കയെ മാതൃകയാക്കി സമാന നയം പിന്തുടരുകയാണ്. ചൈനയുടെ അപ്രമാദിത്വം അവസാനിപ്പിക്കാൻ വ്യവസായ ഉത്‌പാദന നിർമാണ യൂണിറ്റുകൾ സാദ്ധ്യമായ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഉന്നത ചൈനീസ് കമ്പനികളെ നിരോധിക്കാനും, ചൈനയിലെ തങ്ങളുടെ നിക്ഷേപത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യു.എസ് മുന്നോട്ടുവന്നു. ചൈനീസ് ഉത്‌പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനും തീരുമാനമായിട്ടുണ്ട്. ആനുപാതികമായി ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ചൈനയിൽ നിന്നും നിർമ്മാണ കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കുന്ന എം.എൻ.സി കൾക്ക് ആനുകൂല്യങ്ങൾ അനുവദിക്കുന്ന ദേശീയ നയങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.
ദുരന്തത്തിനോടൊപ്പം ലോകവ്യാപകമായി വൈദ്യ- ആരോഗ്യരക്ഷ സാമഗ്രികളുടെ അടിയന്തര ആവശ്യം ഉയർന്നു വന്നു. കുറഞ്ഞ വിലയിൽ തദ്ദേശീയ സാമഗ്രികൾ ഉത്‌പാദിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ചെലവ് കുറഞ്ഞ വെന്റിലേറ്ററുകൾ, ശ്വസന ഉപകരണം, പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ എന്നിവ ഉദാഹരണമാണ്. അതിർത്തിക്കപ്പുറത്തു നിന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന വർദ്ധിത ഉത്‌പാദനം സാദ്ധ്യമാക്കേണ്ടതുണ്ട്. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ ദേശീയ പദ്ധതികൾ ഭാവിയിൽ ഇതിനു സഹായകമാവുമെന്നാണ്
ബന്ധപ്പെട്ടവർ പ്രതീക്ഷിക്കുന്നത്. അനുകൂലമല്ലാത്ത വ്യവസായ അന്തരീക്ഷത്തിന് മാറ്റം
വരുത്താനുള്ള നടപടികളില്ലാതിരിക്കുന്നപക്ഷം കേരളത്തിന് മതിയായ അളവിൽ ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല.
കൊവിഷീൽഡും, കൊവാക്‌സിനും ഉടൻ വിപണിയിൽ ലഭ്യമാകും. അമേരിക്ക, റഷ്യ , യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ ഭീമന്മാരുമായി മത്സരിച്ച്, അവരുമായി താരതമ്യം ചെയ്യുമ്പോൾ തുലോം പരിമിതമായ ഗവേഷക ചെലവ് ഉപയോഗിച്ചാണ് ഈ നേട്ടം സംഭവ്യമാകുന്നത്.
പകർച്ചവ്യാധി സൃഷ്ടിച്ച ഒരു പ്രധാന മാറ്റം ഇന്റർനെറ്റും, ഡിജിറ്റൽ
സാക്ഷരത ഉപാധികളും സാദ്ധ്യമായ മുഴുവൻ പൗരന്മാരിലേക്കും എത്തിക്കുക എന്നത് അടിയന്തര ആവശ്യവും സർക്കാറിന്റെ പ്രധാന മുൻഗണന ക്രമവുമായി മാറി എന്നതാണ്. സർക്കാരിന്റെ സേവനകാര്യങ്ങൾ, ആരോഗ്യ, ക്ഷേമ മുന്നറിയിപ്പുകൾ, വിദ്യാഭ്യാസ അദ്ധ്യയന കാര്യങ്ങൾ തുടങ്ങിയവ അവസാന വ്യക്തിയിലും പ്രദേശത്തും ലഭ്യമാക്കാൻ ഇപ്പോൾ മറ്റു പോംവഴികളില്ല. നമുക്കിടയിൽ നിലനിൽക്കുന്ന ഡിജിറ്റൽ അന്തരം ബോദ്ധ്യമാക്കിത്തരാനും പകർച്ചവ്യാധിക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പാരിസ്ഥിതിക അസന്തുലിതാവസ്ഥ കാരണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രകൃതി ഉഗ്രരൂപം പൂണ്ട് സംഹാര താണ്ഡവമാടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ പകർച്ചവ്യാധി രംഗപ്രവേശം ചെയ്ത് ലോക്ക്ഡൗണിന്റെ ആദ്യ വാരങ്ങൾ പിന്നിട്ടപ്പോൾ പരിസ്ഥിതിയിലുണ്ടായ സാരമായ മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു. ശുദ്ധവായുവും പോയ് മറഞ്ഞ സുന്ദര പ്രകൃതി ദൃശ്യങ്ങളും തെളിഞ്ഞ നീലാകാശവും, പക്ഷികളുടെ കളകൂജനവുമെല്ലാം തിരിച്ചു വന്നു. കൊവിഡാനന്തര പുന:ക്രമീകരണങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ നമ്മുടെ വ്യവസായ മേഖലകളെ പരിസ്ഥിതി സൗഹൃദങ്ങളാക്കേണ്ടതിന്റെ പ്രാധാന്യം വളരെയേറെയാണ്.
ആരോഗ്യ പൂർണമായ ഭാവി ഉറപ്പുവരുത്താൻ അത് അത്യന്താപേക്ഷിതമാണ്.
കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസം മേഖലയുടെ സ്ഥായിയായ നിലനിൽപ്പിനു ഇത്തരം ചുവടുകൾ നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിസ്തുല സേവനം ഇല്ലായിരുന്നുവെങ്കിൽ പകർച്ചവ്യാധി വരുത്തിവെച്ച നാശനഷ്ടങ്ങൾ ശതഗുണീഭവിക്കുമായിരുന്നു. കൊവിഡ് 19നെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ ധീരരായി നിലകൊണ്ട് സമർപ്പിത സേവനം കാഴ്ചവെച്ച ഡോക്ടർമാരും, നഴ്സുമാരും അടങ്ങുന്ന മലയാളി ആരോഗ്യപ്രവർത്തകർ ലോകവ്യാപകമായി വലിയ ആദരത്തിന് പാത്രമായിട്ടുണ്ട്. 2020 ന്റെ നായകർ ഈ വഴിവിളക്കുകളാണ്. ഈ വിജയഗാഥകൾ ഭാവിയിലും നമ്മുടെ യുവതലമുറക്ക് വലിയ പ്രേരണയും പ്രചോദനവും നൽകുമെന്ന കാര്യത്തിലും സംശയമില്ല.
( ലേഖകൻ എ.ഐ.സി.സി സോഷ്യൽ മീഡിയ ടീമിന്റെ ദേശീയ കോ ഓഡിനേറ്ററും, കൊവിഡ് 19 വിരുദ്ധ പോരാട്ടങ്ങളെ ഏകോപിപ്പിക്കുന്ന പി.ഐ ഇന്ത്യയുടെ ദേശീയ കോ ഓഡിനേറ്ററുമാണ്.)