
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുടെ നേരെ ചൈന നിരന്തരം നടത്തുന്ന പ്രകോപനങ്ങൾ വളരെയധികം ഉത്‌കണ്‌ഠയുളവാക്കുന്നതാണെന്ന് അമേരിക്ക. വെളളിയാഴ്‌ച അമേരിക്കൻ സെനറ്റിൽ പ്രതിരോധ നയ നിയമം പാസാക്കിയ വേളയിലാണ് അമേരിക്കൻ ഭരണകൂടം ഈ ആശങ്ക മുന്നോട്ടുവച്ചത്. 'ചൈനീസ് സർക്കാർ ഇന്ത്യൻ അതിർത്തികളിൽ നടപ്പാക്കുന്ന നിരന്തരമായ സൈനിക പ്രകോപനം വളരെ ഉത്‌കണ്ഠയുളവാക്കുന്നതാണ്.' നിയമത്തിൽ പറയുന്നു. നിലവിലെ നയതന്ത്രപരമായ വഴികളിലൂടെ ഈ പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ട്രംപ് ഈ നിയമം പാസാക്കുന്നതിനെതിരെ കൊണ്ടുവന്ന വീറ്റോയെ മറികടന്നാണ് ഇപ്പോൾ ഇരു സഭകളിലും നിയമം പാസായിരിക്കുന്നത്. 740 ബില്യൺ ഡോളറാണ് നിയമത്തിന് വേണ്ടി അമേരിക്കൻ ഭരണകൂടം നീക്കിവച്ചിരിക്കുന്നത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുളള അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റിറ്റീവ്സിൽ നിയമം കഴിഞ്ഞയാഴ്‌ച പാസായിരുന്നു.
നിയമം പാസായതോടെ അമേരിക്കയിലെ രണ്ട് മുഖ്യ രാഷ്‌ട്രീയ കക്ഷികളുടെയും രണ്ട് സഭകളുടെയും പിന്തുണ ഇന്ത്യയ്‌ക്ക് ലഭിക്കും. ഇത് അന്താരാഷ്‌ട്ര തലത്തിൽ വലിയ പ്രാധാന്യമേറിയതാണ്. സേനകളെ ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കാതെ ഇന്ത്യയോട് ആലോചിച്ച് ചൈന നയതന്ത്രപരമായി പ്രശ്‌നപരിഹാരം കാണണമെന്ന് നിയമത്തിൽ പറയുന്നു.
ദക്ഷിണ ചൈന കടലിലും കിഴക്കൻ ചൈന കടലിലും ഭൂട്ടാനിലും ചൈനീസ് ഭരണകൂടം നടത്തുന്ന കൈയേറ്റങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗം രാജ കൃഷ്‌ണമൂർത്തി അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഇന്ത്യയ്‌ക്കും തങ്ങളുടെ മറ്റ് സൗഹൃദ രാജ്യങ്ങൾക്കും പരിപൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.