തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ നടൻ ബാല സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
'ഞാൻ ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയ ആസ്തിയിൽ ഒരു എഴുപത് ശതമാനം എനിക്ക് കൊടുക്കേണ്ടിവന്നു. ഒരുപാട് സങ്കടങ്ങൾ ഉണ്ടായി. ജീവിതത്തിൽ ഞാൻ ആർക്കും ഒരു പാപവും ചെയ്തിട്ടില്ല. എനിക്ക് വേറെയൊരു മാർഗമുണ്ടായിരുന്നില്ല. അപ്പോഴൊക്കെ മനസിനകത്ത് ഒരു ചോദ്യമുണ്ടായിരുന്നു, ഞാൻ ഒരു തെറ്റു ചെയ്തില്ലല്ലോ എന്ന്. മാർച്ചിൽ ലോക്ക് ഡൗണായി. ഭാവിയിലെ പ്രോജക്റ്റുകളിലൊക്കെ തടസമാണ്.
ആ സമയത്താണ് എന്റെ സ്വന്തം ആസ്തിയിൽ മുപ്പത് ശതമാനം മാത്രമായി പോയത്. ഞാൻ പറയുന്നത് എന്റെ ആസ്തിയുടെ മാത്രം കാര്യമാണ്. ചെന്നൈയിൽ അച്ഛനും അമ്മയും നല്ല നിലയിൽ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടൻ പ്രശസ്ത സംവിധായകനാണ്. ഞങ്ങൾ എല്ലാവരും സ്വയം നേടി എടുത്തവരാണ്.
ലോക്ക് ഡൗണിൽ വീടിനകത്ത് ഇരിക്കുമ്പോഴാണ് പുറത്തുള്ളവരെപ്പറ്റി ആലോചിക്കുന്നത്. എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടേത് എന്തായിരിക്കും. അതാണ് ജീവിതം മാറ്റിമറിച്ചത്. ചാരിറ്റി വർക്ക് പണ്ടേ ചെയ്യാറുണ്ട്-ബാല പറഞ്ഞു.അതോടൊപ്പം ശിവ എന്ന കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും അദ്ദേഹം പങ്കുവച്ചു.