harsh-vardhan

ന്യൂഡൽഹി: രാജ്യത്ത് ഉപയോഗിക്കാൻ പോകുന്ന കൊവിഡ് പ്രതിരോധ വാക്‌‌സിന്റെ സുരക്ഷിതത്വത്തെ കുറിച്ച് തെറ്റിദ്ധാരണയൊന്നും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ. സുരക്ഷയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചതാണെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുൻപ് രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ന് ഡ്രൈ റൺ നടക്കുകയാണ്.

'എല്ലാം വിശദമായി പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്റെ സുരക്ഷയെ കുറിച്ച് ഒരു തെറ്റിദ്ധാരണയും വേണ്ട. പോളിയോ വാക്‌സിൻ പുറത്തിറക്കിയപ്പോഴും ഇതുപോലെ പലവിധ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനുശേഷം എല്ലാവരും വാക്‌സിന്റെ ഫലപ്രാപ്‌തിയെ അംഗീകരിച്ചു.' ഡോ.ഹർഷ് വർദ്ധൻ പറഞ്ഞു. ഇന്ന് നടക്കുന്നത് ഇന്ത്യയുടെ രണ്ടാമത് ഡ്രൈ റൺ ആണ്. ആദ്യഘട്ടമായി അസം, ആന്ധ്രപ്രദേശ്,പഞ്ചാബ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 28,29 തീയതികളിൽ ഡ്രൈ റൺ നടന്നു.

കേന്ദ്ര സർക്കാർ നിയമിച്ച വിദഗ്‌ദ്ധ സമിതി ഇന്നലെ സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്‌സിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വാക്‌സിനേഷൻ ഡ്രൈ റൺ നടക്കുന്നത്. ഓക്‌സ്‌ഫോർ‌ഡ് സർവകലാശാലയും മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്ന് നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത് സെറം ഇൻസ്‌റ്റി‌റ്റ്യൂട്ടാണ്. ഡ്രൈ റൺ പൂർത്തിയായ ശേഷം രാജ്യത്തെ വാക്‌സിനേഷൻ എപ്പോൾ വേണമെങ്കിലും ആരംഭിക്കാം.

കൊവിഷീൽഡിന് പുറമെ ഐ.സി.എം.ആറും ഭാരത് ബയോടെകും ചേർന്ന് ഇന്ത്യയിൽ തന്നെ വികസിപ്പിച്ച കൊവാക്‌സിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.