shashi-tharoor

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് ജില്ലകളിലായി നടത്താനുളള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം എം പി ശശിതരൂർ രംഗത്ത്. വിശാഖ് ചെറിയാൻ എന്ന വ്യക്തിയുടെ പ്രതികരണം പോസ്‌റ്റ്‌ ചെയ്‌താണ് തരൂർ ഫേസ്‌ബുക്കിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കൊവിഡിന്റെ മറവിൽ കാലങ്ങളായി തിരുവനന്തപുരത്ത് നടത്തി വരുന്ന ഐഎഫ്എഫ്കെ കേരളത്തിലെ മറ്റ് നഗരങ്ങളിൽ നടത്താൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ട്. കൊവിഡ് വരുന്നതിന് മുന്നേ സർക്കാർ ഇതിന് പദ്ധതിയിട്ടിരുന്നതിന് തെളിവാണ് 2016ലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും വിശാഖ് ചെറിയാൻ പറയുന്നു. ചലച്ചിത്ര അവാർഡിന്റെ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് അതിനൊപ്പം ചേർത്തിരിക്കുന്നത്. ശശിതരൂർ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ട്വിറ്ററിൽ വിശാഖ് ചെറിയാൻ ഇക്കാര്യം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

This is deplorable from Chief Minister's Office, Kerala. Thiruvanthapuram offers IFFK not just a great venue, but...

Posted by Shashi Tharoor on Friday, January 1, 2021

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി അപലപനീയമാണെന്ന് തരൂർ ഫേസ്‌ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ചലച്ചിത്ര മേളയുടെ മികച്ചൊരു വേദി മാത്രമല്ല തിരുവനന്തപുരം, മറിച്ച് പാരമ്പര്യം, സൗകര്യങ്ങൾ എല്ലാത്തിനും ഉപരിയായി അറിവുളള സിനിമ പ്രേമികളുടെ ജനക്കൂട്ടം എന്നിവ എപ്പോഴും വാഗ്ദ്ധാനം ചെയ്യുന്നുവെന്നും ശശി തരൂർ പറയുന്നു. ഐ എഫ് എഫ് കെ മസ്റ്റ് സ്റ്റേ എന്ന ഹാഷ്‌ടാഗോടെയാണ് തരൂരിന്റെ പോസ്റ്റ്.

ചലച്ചിത്ര മേള മറ്റ് ജില്ലകളിൽ നടത്തുന്നതിന് എതിരെ ശബരീനാഥൻ എം.എൽ.എയും ഇന്നലെ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മേള നാല് ഘട്ടങ്ങളിലായി നടത്തുന്നതെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും അക്കാദമിയുടെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.