റോം: പുതുവത്സരാഘോഷത്തിന് പിന്നാലെ ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നൂറികണക്കിന് പക്ഷികളുടെ ജീവൻ പൊലിഞ്ഞു. റോമിലെ തെരുവുകളിൽ പക്ഷികൾ ജീവനറ്റ് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മരണകാരണം വ്യക്തമല്ല.
എന്നിരുന്നാലും പുതുവർഷാഘോഷത്തിനിടയിൽ പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഒഫ് അനിമൽസ് ആരോപിച്ചു. 'പേടിച്ച് ജീവൻ പോയതാകാം. ശബ്ദം കേട്ട് പേടിച്ച് പറക്കുമ്പോൾ പരസ്പരം കൂട്ടിമുട്ടിയോ, ജനലുകളിലോ, വൈദ്യുതി ലൈനുകളിലോ തട്ടാം. ഹൃദയാഘാതം മൂലം മരിക്കാനും സാദ്ധ്യതയുണ്ടെന്ന് മറക്കരുത്.'- സംഘടന വ്യക്തമാക്കി.
കൂട്ടക്കൊലയാണിതെന്ന് രാജ്യത്തെ മൃഗസംരക്ഷണ സംഘടനകൾ ആരോപിച്ചു.വ്യക്തിഗത ആഘോഷങ്ങൾക്കായി പടക്കങ്ങൾ വിൽക്കരുതെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.കൊവിഡ് വൈറസ് വ്യാപനം തടയാനായി രാജ്യത്ത് പുതുവത്സരാഘോഷങ്ങൾ കർശന നിയന്ത്രണങ്ങളോടെയാണ് നടന്നത്.