പെണ്ണുങ്ങളെപ്പോലെ കരയരുത്, ആണുങ്ങളായാൽ കരയരുത് എന്നീ നാട്ടുമൊഴികൾ കേട്ടുവളർന്നവരാണ് നമ്മൾ. എന്നാൽ ജപ്പാനിലെ അമ്മമാരും അച്ഛൻമാരും കുട്ടികളോട് കരയരുതെന്ന് പറയാറില്ല. കാരണം അവിടാരും ജീവിതത്തിലൊരിക്കൽ പോലും കരയാറില്ല. അവിടെ ആണും പെണ്ണും വൃദ്ധരും യുവാക്കളും എന്തിനേറെ കുട്ടികൾ പോലും കണ്ണീർഗ്രസ്ഥികൾ ഉപയോഗിക്കാത്തവരാണ്. കാരണം കരയുന്നത് കഴിവുകേടായിട്ടാണ് അവർ കാണുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ പ്രധാന പ്രതിസന്ധികളിൽ വിഷമങ്ങൾ കരഞ്ഞു തീർക്കാതെ പകച്ചിരിക്കുന്നവരാണവർ. പൊട്ടിക്കരയേണ്ടിടത്ത് കടിച്ചുപിടിച്ച് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ. ഇതിനൊരു പരിഹാരവും അവർ കണ്ടെത്തി. അതാണ് 'റൂയി കാത്സു."
ഒന്ന് മനസറിഞ്ഞ് കരയണമെങ്കിൽ കാശ് കൊടുത്ത് സെമിനാറിൽ പകെടുക്കേണ്ട അവസ്ഥ നമുക്ക് ചിന്തിക്കാനാകുമോ. അവിശ്വസനീയമായ 'റുയി കാത്സു ' എന്ന ഇത്തരം കണ്ണീർ സെമിനാറുകൾ ഉള്ളത് ജപ്പാനിലാണ്. നിശ്ചിത തുക കൊടുത്ത് പേര് രജിസ്റ്റർ ചെയ്താൽ ഇഷ്ടം പോലെ കണ്ണീർ വാർത്ത് മടങ്ങാം. പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാർക്കായി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നു.
റുയി കാത്സു
കണ്ണീർ തേടൽ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഈ പരിപാടിക്കെത്തുന്നവരെ ഏതുവിധേനയെും നന്നായി കരയിപ്പിച്ച് വിടും എന്നതുറപ്പാണ്. കരളലിയിക്കുന്ന കഥകളും സിനിമകളും ഉപയോഗിച്ചാണ് പങ്കെടുക്കുന്നവരെ കരയിക്കുന്നത്. പ്രൊഫഷണൽ നടീ നടൻമാരെയാണ് അവതാരകരായി പലപ്പോഴും ഉപയോഗിക്കുക. സുമുഖരായവർ കഥ പറയുന്നത് കേൾവിക്കാരിൽ കൂടുതൽ സങ്കടം ഉണ്ടാക്കും എന്നതാണ് ഇതിന് കാരണം. ഇതിനായി നടീ നടന്മാരെ സപ്ലൈ ചെയ്യുന്ന ഏജൻസികൾ തന്നെയുണ്ട് ജപ്പാനിൽ . അധികവും ബാല സാഹിത്യമാണ് ഉപയോഗിക്കുന്നത് എന്നതും കൗതുകമാണ്. മാതൃസ്നേഹം, ഓമന മൃഗങ്ങളുടെ കഥകൾ എന്നിവ പെട്ടെന്ന് ഫലം ചെയ്യുന്നതായാണ് ടെറായിയെ പോലെ നിരവധി പ്രഫഷണലുകളുടെ അനുഭവം. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ പോലും പലരുടെയും കണ്ണു നിറയ്ക്കുന്നു. ദു:ഖം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം ഒരുക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇങ്ങനെ കണ്ണീർ പൊഴിക്കാൻ കാശ് മുടക്കുന്ന നിരവധിപ്പേരുണ്ട് ഇന്ന് ജാപ്പനീസ് നഗരങ്ങളിൽ. ഒരുമിച്ചിരുന്ന് കരയുന്നത് ജീവനക്കാർക്കിടയിൽ അടുപ്പം വർദ്ധിപ്പിക്കാൻ ഇടയാക്കുകയും തൊഴിലന്തരീക്ഷം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും എന്നതാണ് സ്ഥാപനങ്ങളെ റുയി കാത്സൂവിലേക്ക് ആകർഷിക്കുന്നത്.
ഹിരോക്കി ടെറായി
ഹിരോക്കി ടെറായി എന്ന ചെറുപ്പക്കാരൻ തുടക്കമിട്ടതാണ് റുയി കാത്സു അഥവാ കണ്ണീർ തേടൽ സെമിനാറുകൾ. വിവാഹ ബന്ധം വേർപെടുത്തിയവർക്കായി തുടങ്ങിയ കരച്ചിൽ പരിപാടിക്ക് പിന്നീട് വലിയ പ്രചാരം കിട്ടുകയായിരുന്നു. ബന്ധം വേർപെടുത്തിയവർക്ക് കരച്ചിലിലൂടെ ആശ്വാസം ലഭിക്കുന്നതായി കണ്ടതോടെയാണ് ടെറായി പരിപാടി വിപുലമാക്കിയത്. പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറക്കാനും കാര്യക്ഷത വർദ്ധിപ്പിക്കാനും ഇത് സഹായിച്ചതായി സാക്ഷ്യപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു ആശയം ഹിരോക്കി ടെറായിയുടെ മനസിൽ ഉദിച്ചത്.
കരയാത്ത ജപ്പാൻകാർ
പരസ്യമായി കരയുകയോ ചിരിക്കുകയോ ദേഷ്യപ്പെടുകയോ ഒക്കെ ചെയ്യുന്നത് മര്യാദകേടോ ദൗർബല്യമോ ആയിട്ടാണ് ജപ്പാൻകാർ കാണുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ നടന്ന സർവെയിൽ ഏറ്റവും കുറച്ച് കരയുന്നത് ജപ്പാൻകാരാണെന്ന് കണ്ടെത്തിയിരുന്നു. അദ്ധ്വാനത്തിലും കാര്യക്ഷമതയിലും മാനസിക നിയന്ത്രണത്തിലും അധിഷ്ഠിതമായ ജാപ്പനീസ് സംസ്കാരത്തിൽ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം മൃദുല വികാരങ്ങളെയൊക്കെ നിയന്ത്രിക്കാൻ അവർ ശീലിക്കുന്നു. ജപ്പാനിൽ കരയുന്ന കുട്ടികളെപ്പോലും കാണാൻ പ്രയാസമാണ്.
കരച്ചിലിന്റെ ഗുണങ്ങൾ
നന്നായി കരയുന്നത് മനസിനും ശരീരത്തിനും ഒട്ടേറെ ഗുണം ചെയ്യുന്നു. മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ദോഷകരമായ ഹോർമോണുകളെ ഒഴിവാക്കുന്നതോടൊപ്പം രക്തസമ്മർദ്ദം കുറക്കാനും കരച്ചിൽ സഹായിക്കുന്നു. കരയുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതായും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
സ്ട്രെസ് ഹോർമോണുകൾ നിർമിക്കാൻ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കൾ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസ്സാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങൾ കരച്ചിലിലൂടെയും ലഭിക്കുന്നു. മസാജിൽ ശരീരത്തിൽ നിന്നും വിഷമാലിന്യങ്ങൾ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല കരയുമ്പോൾ ശരീരത്തിൽ വേദനാസംഹാരിയായ എൻഡോർഫിനുകളും ഉത്പാദിപ്പിക്കപ്പെടുന്നു.
ടെൻഷൻ കുറയ്ക്കാനുള്ള ശരീരത്തിന്റെ ഉപായമാണ് കരച്ചിൽ. സാധാരണ കണ്ണുനീരിൽ 98 ശതമാനം വെള്ളമാണ്. എന്നാൽ വൈകാരിക വിക്ഷോഭം മൂലം കരയുമ്പോൾ അതിൽ ഉയർന്ന അളവിൽ സ്ട്രെസിനു കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ അടങ്ങിയിരിക്കുന്നു. ഇവ പുന്തള്ളുന്നതിലൂടെ ടെൻഷൻ കുറയുക മാത്രമല്ല മാനസികാവസ്ഥയും ഉടനടി മെച്ചപ്പെടുന്നു. ഒപ്പം മനസിനു സന്തോഷം പകരുന്ന എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാനും കരച്ചിൽ കാരണമാകുന്നു. ഇവ നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുന്നു.
കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലിസോസൈം ബാക്ടീരിയയിൽ നിന്നും വൈറസുകളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. കണ്ണിന്റെ നനവ് നിലനിറുത്തുന്നതിലൂടെ കാഴ്ചയ്ക്കും ഗുണം ചെയ്യുന്നു. കണ്ണിലെ മാത്രമല്ല മൂക്കിലെ ബാക്ടീരിയയെയും കണ്ണുനീർ നശിപ്പിക്കുന്നു.