aneesh
അനീഷും ഭാര്യ ഹരിതയും

എരിഞ്ഞൊടുങ്ങിയ കുടുംബം

പുറംപോക്കുഭൂമിയിൽ ഒറ്റമുറി വീടുവച്ചു താമസിക്കുകയായിരുന്ന ദരിദ്രകുടുംബത്തെ പൊലീസ് കുടിയിറക്കാൻ നടത്തിയ ശ്രമത്തിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റ ദമ്പതികൾ മരണത്തിനു കീഴടങ്ങിയ ദാരുണ സംഭവം മലയാളികൾ വിങ്ങലോടെയാണ് കണ്ടത്. സാറേ നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്. ഇനി അടക്കാനും പറ്റൂല്ലെന്നോ''. പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും ഇളയ മകൻ രാഹുൽ തകർന്ന ഹൃദയവുമായി പൊലീസിനെ നോക്കി ചോദിച്ച വാക്കുകൾ കേട്ടാൽ ഏത് മലയാളിയാണ് ലജ്ജിച്ച് തലതാഴ്‌ത്താത്തത്.

നെയ്യാറ്റിൻകര അതിയന്നൂർ നെടുത്തോട്ടം, ലക്ഷം വീട് കോളനിയിൽ താമസിച്ചിരുന്ന ആശാരി പണിക്കാരൻ രാജൻ (47),​ ഭാര്യ അമ്പിളി(42) എന്നിവരാണ് മരിച്ചത്. കുടിയൊഴിപ്പിക്കാനെത്തിയ പൊലീസിനെ പിന്തിരിപ്പിക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് കൈയിൽ ലൈറ്റർ കത്തിച്ചുപിടിച്ചിരുന്നു രാജൻ. എ.എസ്.ഐ തൊപ്പികൊണ്ട് ലൈറ്റർ തട്ടിത്തെറിപ്പിച്ചപ്പോഴാണ് ദേഹത്ത് തീപടർന്നത്. സിവിൽ കേസുകളിൽ ഇടപെടരുതെന്ന കോടതി ഉത്തരവുകളും വകുപ്പുതല നിർദ്ദേശങ്ങളും പാലിക്കാതെ നെയ്യാറ്റിൻകരയിൽ മൂന്നുസെന്റ് തർക്കഭൂമി ഒഴിപ്പിക്കാൻ പൊലീസ് ധൃതികാട്ടുകയായിരുന്നു. രണ്ടു കുട്ടികളാണ് ഇതോടെ അനാഥരായത്.

പാലക്കാട്ടെ ദുരഭിമാനക്കൊല

കോട്ടയം കെവിൻ കൊലക്കേസ് മാതൃകയിൽ കേരളത്തിന് അപമാനമായി മറ്റൊരു ദുരഭിമാനക്കൊലകൂടി.​ മറ്റൊരു ജാതിയിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേർന്ന് കുത്തിയും മർദ്ദിച്ചും കൊലപ്പെടുത്തി. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും അടിക്കടി റിപ്പോർട്ട് ചെയ്തിരുന്ന ദുരഭിമാന കൊലകൾ കേരളത്തിലും ആവർത്തിക്കുകയാണ്.പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകൻ അനീഷ് (അപ്പു - 27)ആണ് ക്രിസ്മസ് ദിനത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാർ,​ അമ്മാവൻ സുരേഷ് എന്നിവരെ കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ സെപ്തംബർ 27നാണ് അനീഷും ഹരിത​യും(19) വിവാഹിതരായത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹരിതയുടെ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.

പിള്ള സമുദായത്തിൽപ്പെട്ടതാണ് ഹരിത. കെല്ലൻ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടർന്നുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വിവാഹശേഷം പലതവണ അമ്മാവൻ സുരേഷ് അനീഷിന്റെ വീട്ടിലെത്തി കൊലവിളി നടത്തിയെന്ന് ഹരിത പറഞ്ഞു.

51കാരിയെ ഷോക്കടിപ്പിച്ചു കൊന്ന 29 കാരൻ ഭർത്താവ്

ക്രിസ്മസ് ആഘോഷത്തിനൊരുക്കിയ ദീപാലങ്കാരത്തിൽ വൈദ്യുതി കെണിയൊരുക്കി 51 കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി 29 കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് മലയാളികൾ വായിച്ചത്.

തിരുവനന്തപുരം കാരക്കോണത്തിനടുത്ത് ത്രേസ്യാപുരത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ത്രേസ്യാപുരം പ്ലാങ്കാലവിള ഫിലോമിനയുടെ മകൾ ശാഖാകുമാരിയാണ് (51) കൊല്ലപ്പെട്ടത്. ഭർത്താവ് ബാലരാമപുരം സ്വദേശി അരുണാണ് (29)​ അറസ്റ്റിലായത്.ശാഖയുടെ പേരിലുള്ള എട്ടേക്കർ ഭൂമിയും വീടും ആഭരണങ്ങളും തട്ടിയെടുക്കാനാണ് കൊല നടത്തിയത്. കാരക്കോണത്ത് ഫെയർ ആൻഡ് ഫാഷൻ എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്നു ശാഖ. രണ്ടുമാസം മുമ്പായിരുന്നു ശാഖ മുൻകൈയെടുത്ത് വിവാഹം നടത്തിയത്. അരുണിന്റെ ബന്ധുക്കൾ ആരും പങ്കെടുത്തിരുന്നില്ല.വിവാഹശേഷം ഭാര്യയുടെ വസതിയിലായിരുന്നു അരുണിന്റെ താമസം. ക്രിസ്‌മസ് അലങ്കാരവിളക്കുകൾ തെളിക്കാൻ വൈദ്യുതി മീ​റ്ററിൽനിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ഇതുപയോഗിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

ഭൂസ്വത്തിൽ കണ്ണുവച്ചായിരുന്നു ശാഖയെ വിവാഹം ചെയ്തതെങ്കിലും തമ്മിൽ വഴക്ക് പതിവായിരുന്നു. പരേതനായ അദ്ധ്യാപകന്റെ മകളാണ് ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യം മുതലേ നാട്ടുകാർക്കു സംശയങ്ങളുണ്ടായിരുന്നു.


മാതാവിനെ മർദ്ദിച്ച യുവാവ്

സഹോദരിയുമായുള്ള വഴക്കിനിടെ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തതും കഴിഞ്ഞയാഴ്ച. വർക്കല ഇടവ പാറയിൽ ചരിവിൽ കുന്നുവിള വീട്ടിൽ റസാഖ് (27) ആണ് അറസ്റ്റിലായത്. ഡിസംബർ 10നാണ് മാതാവ് ഷാഹിദ (49)യെ റസാഖ് തല്ലുകയും തൊഴിക്കുകയും ചെയ്തത്. രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ സഹോദരി റഹീമയുമായി വഴക്കിടുകയും ഇരുവരും തമ്മിൽ അടിപിടി കൂടുകയും ചെയ്യുന്നതിനിടെ തടസം പിടിക്കാനെത്തിയതാണ് മാതാവ് ഷാഹിദ. ലക്കുകെട്ടുനിന്ന റസാഖ് പൊടുന്നനെ മാതാവിനെ ആക്രമിക്കുന്ന ദൃശ്യം സഹോദരി റഹീമ മൊബൈൽ ഫോണിൽ പകർത്തി ഓച്ചിറയിൽ താമസിക്കുന്ന പിതാവിന് അയച്ചുകൊടുത്തു. അത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ അയിരൂർ പൊലീസ് വീട്ടിലെത്തി കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്ന് ഷാഹിദ പറഞ്ഞെങ്കിലും സംഭവത്തിൽ സ്വമേധയ പൊലീസ് കേസെടുക്കുകയായിരുന്നു.