sathyan

മഴവിൽ കാവടിയിലെ നിഷ്‌കളങ്കയായ തമിഴ് പെൺകൊടി ആനന്ദവല്ലി,തലയണമന്ത്രത്തിലെ കുശുമ്പിയും കുന്നായ്മയും നിറഞ്ഞ വീട്ടമ്മയായ കാഞ്ചന, നാട്ടിൻപുറത്തെ നന്മ ഇമേജിനെ തല്ലിയുടച്ച് വന്ന പൊന്മുട്ടയിടുന്ന താറാവിലെ സ്‌നേഹലത, കുടുംബത്തിന്റെ മൊത്തം ഉത്തരവാദിത്തം ഏറ്റെടുത്ത് ചിരിച്ചുകൊണ്ട് പോരാടുന്ന ഭാവന , മകൾക്ക് വേണ്ടി ജീവിക്കുന്ന വനജ ...അങ്ങനെ തുടങ്ങി ജീവസുള്ള പെണ്ണുങ്ങളെ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലൂടെ മലയാളികൾ കണ്ടു. നാട്ടിൻപുറത്തെ നിഷ്‌കളങ്കമായ നായികാ സങ്കല്പ്ത്തെ തകർത്താണ് പൊന്മുട്ടയിടുന്ന താറാവിലെ സ്‌നേഹലതയും തലയണമന്ത്രത്തിലെ കാഞ്ചനയുമെത്തിയത്. ഇന്ന് ഇന്ത്യൻ സിനിമയോളം വളർന്ന ഉർവശിയുടെ സിനിമാ ഗ്രാഫിൽ മികച്ച നിൽക്കുന്ന കഥാപാത്രങ്ങളാണ് ഇവ.

സത്യൻ അന്തിക്കാടിന്റെ സിനിമകളുടെ മുഖമുദ്ര എന്നും ഗ്രാമീണതയുടെ,ജീവിതയാഥാർഥ്യങ്ങളുടെയൊക്കെ നിഷ്‌കളങ്കതയാണ്, സിനിമകൾ ഏറെയും ശുഭ പര്യവസായിയായിരിക്കും . സാധാരണക്കാരന്റെ ജീവിത സങ്കിർണതകളിലൂടെ കടന്നുപോകുന്ന ഓരോ സിനിമയിലും വ്യത്യസ്തങ്ങളായ വ്യക്തിത്വമുള്ള പെണ്ണുങ്ങളെ സത്യൻ അന്തിക്കാട് അവതരിപ്പിച്ചു. സീമയുടെ ശക്തമായ രസകരമായ കഥാപത്രങ്ങളും സത്യൻ അന്തിക്കാട് ചിത്രങ്ങളിലാണ്. ഗായത്രി ദേവി എന്റെ അമ്മ എന്ന ചിത്രത്തിലെ ഗായത്രിദേവിയായ സീമയുടെ ശക്തമായ വേഷത്തെ ഇന്നും മലയാളികൾ ഓർക്കുന്നു. ഒപ്പം ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ നിർമലയും മലയാളികളുടെ ഇഷ്ടനായികയാണ്.നാടോടിക്കാറ്റിൽ അതിഥി വേഷത്തിൽ എത്തിയ സീമയുടെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. മഞ്ജു വാര്യരുടെ ഇരട്ടക്കുട്ടികളുടെ അച്ഛനിലെ അനുപമ മലയാളികളുടെ മറ്റൊരു പ്രിയപ്പെട്ട കഥാപത്രമാണ്. മഞ്ജുവിന്റെ തിരിച്ചുവരവിൽ എന്നും എപ്പോഴും എന്ന ചിത്രത്തിലെ അഡ്വേക്കേറ്റ് ദീപ രാജീവും ശ്രദ്ധിക്കപ്പെട്ടു.

പുതിയ നായികമാരെ അവതരിപ്പിക്കുന്നതിലും സത്യൻ അന്തിക്കാട് വിജയം കണ്ടു.ദക്ഷിണേന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായ നയൻതാരയെ മനസിനക്കരെയിലൂടെ അവതരിപ്പിച്ചത് സത്യൻ അന്തിക്കാടാണ്. സംയുക്ത വർമ്മയ്ക്ക് ഇന്നും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവനയുടെ മുഖമാണ്. പക്വതയാർന്ന ഭാവനയിലൂടെയാണ് സംയുക്ത മലയാള സിനിമയിലേക്ക് ചുവടെടുത്തു വച്ചത്.നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലും സംയുക്ത തകർത്തു. മലയാളത്തിലേക്ക് തെന്നിന്ത്യൻ സൗന്ദര്യം സൗന്ദര്യയെ പരിചയപ്പെടുത്തിയതും സത്യൻ അന്തിക്കാടാണ്. ജ്യോതി മേനോനായി സൗന്ദര്യ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിൽ എത്തിയപ്പോൾ മലയാളികൾ അവരെ ചേർത്തുനിർത്തി. എന്നാൽ അകാലത്തിൽ ഒരുപിടി സിനിമ ബാക്കിയാക്കി സൗന്ദര്യ യാത്രയായപ്പോൾ മലയാളി പ്രേക്ഷകർക്കും വിങ്ങലായി. മീര ജാസ്മിന്റെ അഭിനയ തികവിനെ വേണ്ടരീതിയിൽ ഉപയോഗിച്ച സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്. വിനോദ യാത്രയിലെ അനുപമ, വേലായുധൻകുട്ടിയായും കണ്മണിയായും വേഷപ്പകർച്ച നടത്തിയ രസതന്ത്രം, അച്ചുവിന്റെ അമ്മയിലെ അച്ചു അങ്ങനെ തുടങ്ങി മീര ജാസ്മിന്റെ സിനിമ കരിയറിലെ മികച്ച കഥാപത്രങ്ങൾ സത്യൻ അന്തിക്കാട് ചിത്രങ്ങളിലാണ്.

അതുപോലെ നമിത പ്രമോദ് പ്രധാന വേഷത്തിൽ എത്തിയ പുതിയ തീരങ്ങൾ, ഇന്ത്യൻ പ്രണയകഥയിലെ അമല പോൾ അവതരിപ്പിച്ച കഥാപാത്രം, കഥ തുടരുന്നു എന്ന ചിത്രത്തിലെ മംമ്ത മോഹൻദാസ്, ഭാഗ്യദേവതയിലെ കനിഹ, ജോമോന്റെ സുവിശേഷങ്ങളിലെ ഐശ്വര്യ രാജേഷ്, ഏറ്റവുമൊടുവിൽ എത്തിയ ഞാൻ പ്രകാശനിലെ നിഖില വിമൽ തുടങ്ങി എല്ലാ കാലങ്ങളിലും വ്യത്യസ്തമായ പെണ്ണ് കഥാപാത്രങ്ങളെ സമ്മാനിച്ചു സത്യൻ അന്തിക്കാട്....