plant

തിരുവനന്തപുരം: പതിറ്രാണ്ടുകളായി നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി അരുവിക്കരയിൽ നിർമ്മിക്കുന്ന 75 എം.എൽ.ഡി പ്ളാന്റ് ഈ മാസം കമ്മിഷൻ ചെയ്യും. ഈ മാസം രണ്ടാംവാരത്തോടെ പ്ളാന്റ് ഉദ്ഘാടനം ചെയ്യാനാണ് വാട്ടർ അതോറിട്ടി ആലോചിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷച്ചതിലും വേഗത്തിൽ പ്ളാന്റിന്റെ പണി പൂർത്തിയാകുകയായിരുന്നു.

പ്ളാന്റിലേക്കുള്ള വൈദ്യുതി കണക്ഷൻ വെള്ളിയാഴ്ച കെ.എസ്.ഇ.ബി നൽകി. ഇതോടെ പ്ലാന്റ് ട്രയൽ റൺ നടത്തുന്നതിന് സജ്ജമായി. 8ന് ട്രയൽ റൺ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രയൽ റൺ നടക്കുമ്പോൾ അസംസ്‌കൃത ജലം ശുദ്ധീകരിക്കുന്നതിനുള്ള പമ്പുകൾ,​ ശുദ്ധീകരണ ഉപകരണങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനമായിരിക്കും പ്രധാനമായും പരിശോധിക്കുക.

1973- 85 കാലഘട്ടത്തിൽ ഡാം സൈറ്റിൽ പൂർത്തിയാക്കിയ 72 എം.എൽ.ഡി പ്ലാന്റ്, 1999ൽ ചിത്തിരക്കുന്നിൽ നിർമ്മിച്ച 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ് എന്നിങ്ങനെ മൂന്ന് പ്ളാന്റുകളാണ് അരുവിക്കരയിൽ നിലവിലുള്ളത്. ഇതുകൂടാതെ 36 എം.എൽ.ഡിയുടെ ബൂസ്റ്റർ പമ്പ് ഹൗസും ജലവിതരണത്തിന് ഉപയോഗിക്കുന്നു. മൂന്ന് പ്ളാന്റുകളും ഒരേസമയം പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ നഗരത്തിൽ മുടക്കമില്ലാതെ കുടിവെള്ളം എത്തിക്കുന്നത്. ഈ പ്ളാന്റുകൾ അടുത്തിടെ നവീകരിച്ചിരുന്നു. നവീകരണം പൂർത്തിയാക്കിയതോടെ പത്ത് ദശലക്ഷം ലിറ്റർ ജലം അധികമായി എത്തിക്കാൻ സാധിച്ചു. എന്നാൽ, പ്ളാന്റുകൾ അറ്റകുറ്റപ്പണി നടത്തുന്ന സമയത്ത് എത്ര മുൻകരുതലെടുത്താലും നഗരത്തിൽ കുടിവെള്ളം മുട്ടും. ഇതുകൂടി കണക്കിലെടുത്താണ് പുതിയ പ്ളാന്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിദിനം 75 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാകും. പുതിയ പ്ളാന്റ് വരുന്നതോടെ നഗരത്തെ കൂടാതെ അരുവിക്കര, കരകുളം എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. അരുവിക്കരയിൽ നിന്ന് വെള്ളം പേരൂർ‌ക്കടയിലെയും പി.ടി.പിയിലെയും ജലസംഭരണികളിൽ എത്തിച്ചായിരിക്കും വിതരണം ചെയ്യുക. അരുവിക്കരയിലേതിന് പുറമെ നെയ്യാറിലും പുതിയ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയാണ്. 100 എം.എൽ.ഡിയുടെ പ്ളാന്റാണിത്.

 അമൃത് പദ്ധതി, 56 കോടി

അരുവിക്കരയിൽ വാട്ടർ അതോറിട്ടിയ്ക്ക് സ്വന്തമായുള്ള മൂന്ന് ഏക്കർ സ്ഥലത്താണ് പ്ളാന്റ് സ്ഥാപിക്കുന്നത്. 56 കോടി ചെലവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ളാന്റിന്റെ നിർമ്മാണം. പ്ലേറ്റ്‌സെറ്റ്ലറെന്ന പുത്തൻ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് പ്ലാന്റ്. ചുരുങ്ങിയ സ്ഥലം മതിയെന്നതാണ് ഇതിന്റെ സവിശേഷത. ഓട്ടോമാറ്റിക് കൺട്രോൾ സംവിധാനവും പ്ലാന്റിലുണ്ട്. വാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരം പ്രോജക്ട് ഡിവിഷന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ കോൺട്രാക്ടർ ഷിക്കാഗോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ്. അമൃത് പദ്ധതിയായതിനാൽ കേന്ദ്ര സർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാനം 30 ശതമാനം വിഹിതവും വഹിക്കും. ശേഷിക്കുന്ന 20 ശതമാനം തുക ചെലവിടുക കോർപ്പറേഷനാണ്.