whatsapp

ലോകമാകെ ശതകോടികൾ ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമമാണ് വാട്‌സാപ്പ്. ഇക്കഴിഞ്ഞ പുതുവർഷ തലേന്ന് വാട്‌സാപ്പിന് ഒരു ലോക റെക്കോ‌ർഡ് സ്വന്തമായി. ഡിസംബർ 31ന് ലോകമാകെ ജനങ്ങൾ ഏതാണ്ട് 1.4 ബില്യൺ വോയിസ് കോളുകളും വീഡിയോ കോളുകളും വാട്‌സാപ്പ് വഴി ചെയ്‌തു. 2019ലെ പുതുവർഷ തലേന്ന് ചെയ്‌തതിനെക്കാൾ 50 ശതമാനം കൂടുതൽ. വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്‌ബുക്കും ഇക്കാലയളവിൽ തങ്ങളുടെ മറ്റ് ആപ്പുകൾക്ക് മുൻ വർഷത്തെക്കാൾ കൂടുതൽ ഉപയോഗമുണ്ടായതായി പറയുന്നു.

കൊവിഡ് കാരണം കഴിഞ്ഞ വർഷം മുൻവർഷങ്ങളെക്കാളേറെ വീ‌ഡിയോ കോളുകളും വോയിസ് കോളുകളും ലോകമാകെ വർദ്ധിച്ചു.ഗ്രൂപ്പ് കോളിംഗ് പരിധി വാട്‌സാപ്പ് ഇതോടെ നാലിൽ നിന്ന് എട്ടുപേരായി ഉയർത്തി. 2020ൽ വാട്‌സാപ്പിലൂടെ ഏ‌റ്റവുമധികം വോയിസ്, വീഡിയോ കോളുകളാണ് ചെയ്‌തത്. മെസേജുകളും ഒട്ടും പിന്നിലല്ല. 20 ബില്യൺ മെസേജുകളാണ് വാട്‌സാപ്പ് വഴി കൈമാറിയത്.ഇവയിൽ 12 ബില്യണും ഇന്ത്യയിൽ നിന്നാണ്. ലോകത്ത് ഏ‌റ്റവുമധികം വാട്‌സാപ്പ് ഉപഭോക്താക്കളുള‌ള രാജ്യം ഇന്ത്യയാണ്. 40 കോടി.

ഇവയ്‌ക്ക് പുറമെ ലൈവ് ബ്രോഡ്‌കാസ്‌റ്റിലും വാട്‌സാപ്പിൽ വൻ വർദ്ധനയുണ്ടായി. വാട്സാപ്പ് ഉടമകളായ ഫേസ്‌ബുക്കും ഇൻസ്‌റ്റഗ്രാമും വഴി 55 മില്യൺ ലൈവ് ബ്രോഡ്‌കാസ്‌റ്റ് നടന്നു. എല്ലാ പുതുവർഷ തലേന്നും വാട്‌സാപ്പിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ കൊവിഡ് വന്നതോടെ മാർച്ച് മാസം മുതൽ മെസേജുകൾ, അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവയിൽ വൻ വർദ്ധനയാണ് ഉണ്ടായത്.