തിരുവനന്തപുരം: ഐഎഫ്എഫ്‍കെ വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ഫേസ്‌ബുക്ക് കുറിപ്പ്. നാല് മേഖലകളിലായി മേള നടത്തുന്നത് താത്ക്കാലികമാണ്. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. കൊവിഡ് സാഹചര്യത്തിൽ സർക്കാർ ഇത്തരമൊരു നിയന്ത്രണം എടുക്കാൻ നിർബന്ധിതമായെന്നും ആനാവൂർ നാഗപ്പൻ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
പ്രകടനപത്രികയിൽ എൽ ഡി എഫ് നൽകിയ വാഗ്ദാനമായ തിരുവനന്തപുരം ബ്രാൻഡിംഗ് ഉയർത്തിപിടിച്ചാണ് ചില തത്പരകക്ഷികൾ പ്രചാരണം നടത്തുന്നതെന്ന് ആനാവൂർ കുറ്റപ്പെടുത്തുന്നു. എൽ ഡി എഫ് വാഗ്ദാനങ്ങൾ നൽകുന്നത് നടപ്പാക്കാൻ വേണ്ടി തന്നെയാണെന്നും പ്രകടന പത്രികയിൽ പറഞ്ഞത് പോലെ തിരുവന്തപുരത്തിന്റെ തനിമയും സംസ്‌കാരരവും വിളിച്ചോതുന്ന മികവാർന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ എൽ ഡി എഫ് പ്രതിജ്ഞാബദ്ധമാണെന്നും ആനാവൂർ നാഗപ്പൻ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ആനാവൂർ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
IFFK വിവാദം അനാവശ്യവും അപ്രസക്തവും
അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുളള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചൊല്ലി നടക്കുന്ന വിവാദം അനാവശ്യവും അപ്രസക്തവുമാണ്. സ്ഥിരം വേദി തിരുവനന്തപുരം തന്നെ ആയിരിക്കുമെന്ന് ബഹുമാനപെട്ട മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് . കോവിഡ് സാഹചര്യം മൂലമാണ് ഇപ്പോൾ 4 മേഖലകളിലായി ഇത് നടത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പ്രതിനിധികൾ തന്നെ പതിനാലായിരത്തോളമാണ്. രജിസ്റ്റർ ചെയ്യാത്തവരായി ആയിരക്കണക്കിന് ആളുകൾ എത്താറുമുണ്ട്. അങ്ങനെ പതിനായിരക്കണക്കിന് ആളുകളാണ് ഈ മഹാമേളയിൽ പങ്കെടുക്കുന്നത്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സ്വാഭാവികമായും സർക്കാരിന്റെ കടമയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്. ഈ വർഷത്തേയ്ക്ക് മാത്രമുള്ള താൽക്കാലിക തീരുമാനമാണ് ഇത് എന്ന് അല്പം മുൻപ് ബഹുമാനപെട്ട മന്ത്രിയോട് ഞാൻ നേരിട്ട് സംസാരിച്ചപ്പോൾ അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.
തലസ്ഥാന നിവാസികൾക്ക് ഇക്കാര്യത്തിൽ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. പ്രകടനപത്രികയിൽ എൽഡിഎഫ് നൽകിയ വാഗ്ദാനമായ തിരുവനന്തപുരം ബ്രാൻഡിംഗ് ഉയർത്തിപിടിച്ചാണ് ചില തല്പരകക്ഷികൾ ഈ പ്രചാരണം നടത്തുന്നത്. എൽഡിഎഫ് വാഗ്ദാനങ്ങൾ നൽകുന്നത് നടപ്പാക്കാൻ വേണ്ടി തന്നെയാണ് എന്ന് അനുഭവങ്ങളിലൂടെ നാടിന് അറിയുന്നതാണ്. പ്രകടന പത്രികയിൽ പറഞ്ഞത് പോലെ തിരുവന്തപുരത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന മികവാർന്ന പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ എൽഡിഎഫ് പ്രതിജ്ഞാബന്ധമാണ്.
തലസ്ഥാന ജില്ലയുടെ സമഗ്രമായ വികസനത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയുമാണ്. നടപ്പാക്കി വരുന്ന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ഇടപെടലുകളും എൽഡിഎഫ് നടത്തുന്നുണ്ട്. ജില്ലയുടെ വികസന മുന്നേറ്റങ്ങൾക്ക് ഉതകുന്ന നിലപാടാണ് എൽഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അത് തുടരും. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിക്ഷിപ്ത താൽപ്പര്യക്കാരുടെ കുപ്രചാരണങ്ങളിൽ ചില നിക്ഷ്പക്ഷമതികളും പെട്ട് പോയിട്ടുള്ളതായി ശ്രദ്ധയിൽ പെട്ടു. ഇക്കാര്യത്തിൽ യാതൊരു തെറ്റിദ്ധാരണയും ഉണ്ടാകേണ്ടതില്ല എന്നത് ഉറപ്പാണ്. നമ്മുടെ നാടിന്റെ വികസനത്തിനും മുന്നേറ്റത്തിനും നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. നമ്മുടെ സർക്കാർ ഒപ്പമുണ്ട്.
IFFK വിവാദം അനാവശ്യവും അപ്രസക്തവും
അന്തരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് സാഹചര്യത്തിൽ നാല് മേഖലകളിലായി നടത്താനുള്ള സംസ്ഥാന...
Posted by Anavoor Nagappan on Saturday, January 2, 2021