
കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗം പടരുന്നത് തടയാൻ കഴിഞ്ഞത് ആശ്വാസമാകുന്നു. എന്നാൽ വെള്ളം മലിനമാക്കപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും രോഗം വരാമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്താനുള്ള നിർദ്ദേശം ആരോഗ്യ വിഭാഗം നൽകി കഴിഞ്ഞു. ഷിഗല്ല രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലായാൽ കുട്ടികളിൽ മരണ സാദ്ധ്യത കൂടുതലാണ്.
നേരത്തെ മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിലും ഫറോക് കല്ലാമ്പാറയിലും ഷിഗല്ല റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ആരോഗ്യ പ്രവർത്തകർ പ്രദേശത്തെ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു.
എങ്ങനെ പ്രതിരോധിക്കാം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക, വ്യക്തി ശുചിത്വം പാലിക്കുക, മലവിസർജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപെടാതിരിക്കുക.
"വെള്ളം മലിനമാക്കപ്പെട്ടാൽ ഷിഗല്ല മാത്രമല്ല ജലജന്യരോഗങ്ങൾ പലതും വരാം. നിശ്ചിത ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുക. രോഗം വരുമ്പോൾ മാത്രമല്ല, ജാഗ്രത എപ്പോഴും വേണം"-
വി. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ