വാഷിംഗ്ടൺ: കൊവിഡ് വ്യാപനം മൂലം തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന മുത്തശ്ശിയ്ക്കായി വിവാഹാഘോഷ ചടങ്ങുകൾ പുനരാവിഷ്കരിച്ച് കൊച്ചുമകൾ. അമേരിക്കയിലാണ് സംഭവം നടന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ആംബർ റോസും നേറ്റ് സോട്രോയും വിവാഹിതരായത്. കൊവിഡ് ഭീഷണിയുള്ളതിനാൽ വളരെക്കുറച്ച് പേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. പ്രായാദ്ധിക്യത്തിന്റെ അവശതകളുള്ളതിനാൽ കൊവിഡ് വ്യാപനം ഏറെ ശക്തമായ സമയത്ത് റോസിന്റെ മുത്തശ്ശിയെ ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നത് ഡോക്ടർമാർ എതിർത്തു. എന്നാൽ, തന്റെ വിവാഹം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മുത്തശ്ശിക്കുവേണ്ടി ഇക്കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് റോസ് സർപ്രൈസായി ചടങ്ങുകൾ പുനരാവിഷ്കരിച്ചു.
മുത്തശ്ശിയ്ക്കായി റോസ് ഒരിക്കൽക്കൂടി തന്റെ വിവാഹവേഷം അണിഞ്ഞു. വിവാഹച്ചടങ്ങിൽ പരമ്പരാഗതമായി നടത്തുന്ന അച്ഛൻ - മകൾ നൃത്തവും റോസ് പുനരാവിഷ്‌കരിച്ചു. ഐ ലവ് ഹെർ ഫസ്റ്റ് എന്ന ഗാനത്തിനൊപ്പം റോസും പിതാവും കൂടി ചുവടുവച്ചതോടെ മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചടങ്ങിന്റെ വീഡിയോ ആരുടേയും കണ്ണ് നനയിക്കും.
കണ്ണു തുടയ്ക്കാൻ തൂവാല എടുത്തോളൂ' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി റോസ് കുറിച്ചത്.
കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് വീട്ടിൽ പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കി. മുത്തശ്ശിയെ പുതിയ വേഷമൊക്കെ ധരിപ്പിച്ച് അണിയിച്ചൊരുക്കിയിരുന്നു. കൊവിഡ് കാരണം ക്രിസ്മസ് ആഘോഷങ്ങളും ഇല്ലാതായതോടെ ഒറ്റയ്ക്ക് ബോറടിച്ചിരുന്ന മുത്തശ്ശിക്ക് സന്തോഷം പകരാനും കൂടിയാണ് ഈ വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത് - റോസ് പറഞ്ഞു.