തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ മേളയുടെ പേരിൽ നടക്കുന്ന വിവാദം അനാവശ്യമെന്ന് പ്രശസ്‌ത ചലച്ചിത്ര പ്രവർത്തകയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണുമായ ബീനാ പോൾ. കൊവിഡ് സാഹചര്യം മൂലമാണ് നിലവിൽ നാലിടത്ത് സ്‌ക്രീനിംഗിന് തീരുമാനിച്ചിരിക്കുന്നത്. വേദി മാറ്റുന്നു എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തെ മേള തന്നെയാണ്. അത് മാറ്റണമെങ്കിൽ നിരവധി നിയമങ്ങൾ മാറ്റേണ്ടി വരുമെന്ന് ബീനാ പോൾ പറഞ്ഞു.
ഈ വർഷം കൊവിഡ് രോഗത്തിന്റ പ്രത്യേക സാഹചര്യമുളളതിനാൽ പ്രത്യേക അനുവാദം വാങ്ങിയാണ് ഇത്തരത്തിൽ അധിക സ്‌ക്രീനിംഗ് നടത്തുന്നത്. ഇത് ഒരു സ്ഥലത്തിന്റെ കാര്യമല്ല. അധിക സ്‌ക്രീനിംഗിന് തിരുവനന്തപുരത്തിന് പുറമേ എറണാകുളം,പാലക്കാട്,തലശേരി,എന്നിവിടങ്ങളിൽ നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് മേളയെ ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് ബീനാ പോൾ പറഞ്ഞു. അന്താരാഷ്‌ട്ര നിബന്ധനകൾ അനുസരിച്ചാണ് ചലച്ചിത്ര മേള ഇവിടെ നടത്തുന്നത്. കൊവിഡ് സാഹചര്യം ഉളളതുകൊണ്ട് മാത്രമാണ് നാലിടത്ത് നടത്തുന്നതെന്നും ഇത്തവണത്തേക്ക് മാത്രമാകും ഇതെന്നും ബീനാ പോൾ പറഞ്ഞു.
കാലങ്ങളായി തിരുവനന്തപുരത്ത് നടന്നുവന്ന ഐ.എഫ്.എഫ്.കെ കൊവിഡിന്റെ മറവിൽ മറ്റ് നഗരങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടി അപലപനീയമാണെന്നും തരൂർ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. മറ്റ് ജില്ലകളിൽ വച്ച് ചലച്ചിത്ര മേള നടത്തുന്നതിനെ ശബരീനാഥൻ എം.എൽ.എയും എതിർത്തിരുന്നു. എന്നാൽ നടക്കുന്നത് അനാവശ്യ വിവാദമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിപ്രായപ്പെട്ടു.