വാഷിംഗ്ടൺ: പ്രസിഡന്റ് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ അമേരിക്കയിലേക്കുള്ള കുടിയേറ്റ, തൊഴിൽ വിസാ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ച് 31വരെ വിസ മരവിപ്പിക്കാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനമാണിത്. എച്ച്1ബി വിസകൾ മരവിപ്പിച്ചതിനൊപ്പം വിദേശ വർക് വിസകൾ, ഗ്രീൻ കാർഡ് എന്നിവയും മാർച്ച് 31വരെ മരവിപ്പിക്കും.
അമേരിക്കൻ പൗരന്മാരുടെ സംരക്ഷണത്തെ മുൻനിറുത്തിയുള്ള തീരുമാനമാണിതെന്ന് സർക്കാർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് മൂലമുണ്ടായ തിരിച്ചടികൾ മറികടക്കാനാണ് ഈ തീരുമാനങ്ങളെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി ഇതുവരെ മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സമാനമായ നിയന്ത്രണങ്ങൾ തുടരേണ്ടത് ആവശ്യമാണെന്നും അധികൃതർ വിശദീകരിച്ചു. പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. രാജ്യത്തേക്ക് കുടിയേറ്റക്കാർ എത്തുന്നത് എല്ലാ രീതിയിലും തടയുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ട്രംപിന്റെ കുടിയേറ്റ നയങ്ങളെ കർശനമായി എതിർത്ത ബൈഡൻ വിസകളുടെ വിലക്ക് നീക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജനുവരി 21നാണ് ബൈഡൻ അധികാരമേൽക്കുന്നത്.
2020 ഏപ്രിൽ, ജൂൺ മാസങ്ങളിലാണ് ട്രംപ് കുടിയേറ്റ, തൊഴിൽ വിസകൾ താൽക്കാലികമായി ഡിസംബർ 31 വരെ നിറുത്തിവച്ചത്. ഇതിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ അമേരിക്കയിൽ കഴിയുന്ന എച്ച്1ബി വിസക്കാരേയോ മറ്റ് വിസ വിഭാഗങ്ങളിലുള്ളവരേയോ ഉത്തരവ് ബാധിക്കില്ല.