iffi

പനാജി: ഗോവയിൽ ജനുവരി 16 ന് ആരംഭിക്കുന്ന ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി) തോമസ് വിന്റർബർഗ് സംവിധാനം ചെയ്ത 'അനദർ റൗണ്ട്" ഉദ്ഘാടന ചിത്രമാകും. കാനിൽ മികച്ച നടനുള്ള അവാർഡ് നേടിയ മാഡ്സ് മിക്കൽസൺ മുഖ്യ വേഷം അവതരിപ്പിക്കുന്ന ചിത്രം ഓസ്കാറിൽ ഡെൻമാർക്കിന്റെ ഒൗദ്യോഗിക എൻട്രിയാണ്.

കിയോഷി കുറോസോവ സംവിധാനം ചെയ്ത ' വൈഫ് ഓഫ് എ സ്‌പൈ ' ആണ് 24ന് വൈകിട്ട് സമാപന ചിത്രമായി പ്രദർശിപ്പിക്കുക. വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ലയൺ അവാർഡ് നേടിയ ജാപ്പനീസ് ചിത്രമാണിത്.

ഓൺ ലൈനായും ഫിസിക്കലായും ഹൈബ്രിഡ് ഫെസ്റ്റിവലായി അരങ്ങേറുന്ന ഇഫിയിൽ 224 ചിത്രങ്ങളാണ് ഇക്കുറി പ്രദർശിപ്പിക്കുക. ഇതിൽ ഇന്ത്യൻ പനോരമയിലെ 26 കഥാചിത്രങ്ങളും 21 കഥേതര ചിത്രങ്ങളും ഉൾപ്പെടുന്നു.