suseela

പത്തനംതിട്ട: പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ കഥ പാടി പേരെടുത്ത സുശീല സന്തോഷ് പന്തളം നഗരസഭാ ചെയർപേഴ്സണായതിനു പിന്നാലെ, ഫോക് ലോർ അക്കാഡമി അവാർഡ് തേടിയെത്തി. പാക്കനാർ തുള്ളലിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

ദൂരദർശനിലും ആകാശവാണിയിലും ക്ഷേത്രങ്ങളിലും പരിപാടി അവതരിപ്പിക്കാറുള്ള സുശീല സന്തോഷ് പന്തളം സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്.

ഒരു തവണ സ്വതന്ത്രയായും രണ്ടു തവണ ബി.ജെ.പി സ്ഥാനാർത്ഥിയായും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇക്കുറിയാണ് വിജയിച്ചത്. ആദ്യ വിജയത്തിൽത്തന്നെ നഗരസഭാ ചെയർപേഴ്സണുമായി.

അഞ്ചാം വയസിൽ പിതാവായ മുടിയൂർക്കോണം മന്നത്ത് വീട്ടിൽ എം.എസ് കുട്ടി ആശാനൊപ്പമാണ് ആദ്യമായി പാക്കനാർകളിക്ക് വേദിയിലെത്തിയത്. അൻപതു വർഷമായി വേദികളിൽ സജീവമാണ്.

പിതാവിന്റെ മരണശേഷം സുശീലയും അനുജത്തി സുഭദ്ര‌യും അവരുടെ മകൾ അരുണയും അടങ്ങുന്ന സംഘമാണ് തുള്ളൽ അവതരിപ്പിക്കുന്നത്.ഭർത്താവ് സന്തോഷ് ഹോട്ടൽ മാനേജരാണ്. മക്കൾ: ആര്യ, അശ്വതി. മാതാവ് : പരേതയായ ഗൗരി.

പാക്കനാർ തുള്ളൽ

പാക്കനാരുടെ ജീവചരിത്രമാണ് പ്രതിപാദിക്കുന്നത്. സാംബവ സമുദായത്തിൽപ്പെട്ടവരാണ് ഇൗ രംഗത്തുള്ളത്. ബാധദോഷങ്ങൾ അകറ്റാൻ പഴമക്കാർ ഇതു പാടിച്ചിരുന്നു.
ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ.പാട്ടിലെ ചില വരികൾ ഇങ്ങനെ:

പാക്കനാരുടെ ചരിത്രമിന്ന്

കേൾക്കണോയെന്റെ നാട്ടുകാരെ

പാലു തത്തി മലയിലാണല്ലോ

പാക്കനാരുടെ ജന്മ ഭൂമി....

-----------

" അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണിത്. അദ്ദേഹത്തിന്റെ ശിഷ്യരിൽ പലരും ഇപ്പോഴും തുള്ളലും നാടൻപാട്ടും അവതരിപ്പിക്കുന്നുണ്ട്. "

സുശീല സന്തോഷ്