ലണ്ടൻ: മുഖംമൂടിയുടെ മറവിലിരുന്ന് സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ലോകപ്രശസ്ത ഹിപ് ഹോപ് ഗായകൻ എം.എഫ്.ഡൂം എന്ന ഡാനിയൽ ഡൂമിൽ (49) അന്തരിച്ചു. പൊതുവേദികളിൽ ഒരിക്കൽപോലും മുഖംമൂടിയില്ലാതെ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. 2020 ഒക്ടോബർ 31നാണ് ഡൂം മരിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് മരണവിവരം പുറത്തുവിടുന്നത്. ഏറ്റവും മികച്ച ഭർത്താവും അച്ഛനും അദ്ധ്യാപകനും ബിസിനസ് പങ്കാളിയുമായിരുന്നു ഡൂം എന്ന് മരണവിവരം പങ്കുവച്ചു കൊണ്ട് ഭാര്യ ജാസ്മിൻ അനുസ്മരിച്ചു. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലണ്ടനിൽ ജനിച്ച ഡൂം പിന്നീട് ന്യൂയോർക്കിലേക്ക് കുടിയേറുകയായിരുന്നു. ചെറുപ്പം മുതൽ സംഗീതത്തിൽ അദ്ദേഹത്തിന് ഏറെ താത്പര്യം ഉണ്ടായിരുന്നു. 17ാം വയസു മുതൽ കെ.എം.ഡി ഹിപ് ഹോപ് സംഘത്തിൽ ഗായകനായി. ഓപ്പറേഷൻ ഡൂംസ്ഡേ എന്ന തന്റെ ആദ്യ സംഗീത ആൽബത്തിലൂടെ തന്നെ അദ്ദേഹം ലോകപ്രശസ്തനായി. പിന്നീട് വന്ന ഡെയ്ഞ്ചർ ഡൂമും ഹിപ് ഹോപ് ആരാധകർക്കിടയിൽ തരംഗമായി.ടേക്ക് മീ ടു യോർ ലീഡർ, വെനമസ് വില്ലൻ, ബോൺ ലൈക്ക് ദിസ്, എന്നിവയടക്കം പ്രശസ്തമായ നിരവധി ആൽബങ്ങളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം.