ശ്രീനഗർ: ശ്രീനഗറിലെ തിരക്കേറിയ മാർക്കറ്റിൽ വച്ച് 65കാരനായ ആഭരണ വ്യാപാരിയെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. കഴിഞ്ഞ മാസം ഇയാൾ കാശ്‌മീരിൽ സ്ഥിര താമസമാക്കാനുള്ള സർട്ടിഫിക്കറ്റ് നേടിയിരുന്നു. ജമ്മു കാശ്‌മീരിൽ ഭൂമിയും സ്വത്തും സ്വന്തമാക്കാനുള്ള അവകാശമാണ് ഈ സർട്ടിഫിക്കറ്റ്.
50 വർഷത്തോളമായി ശ്രീനഗറിൽ താമസിക്കുന്ന സത്പാൽ നിഷാലാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
'ഇയാൾ ഒരു കുടിയേറ്റക്കാരനാണ്. ഇവിടെ വാസസ്ഥലം നേടുന്ന ആരെയും അധിനിവേശക്കാരായി പരിഗണിക്കും' കൊലപാതകത്തിന് ശേഷം റസിസ്റ്റൻസ് ഫ്രണ്ട് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഏത് സംസ്ഥാനത്ത് നിന്നുള്ളവർക്കും ജമ്മുകാശ്‌മീരിൽ ഭൂമി വാങ്ങാനാകും വിധം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കഴിഞ്ഞ വർഷമാണ് കേന്ദ്രം റദ്ദാക്കിയത്.
ഇതിനകം 10 ലക്ഷത്തോളം സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ കാശ്‌മീർ താഴ്വരയിൽ നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പ്രദേശവാസികളാണ്. പ്രദേശവാസികളല്ലാത്തവർ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന്റെ വിവരങ്ങൾ സുരക്ഷാകാരണങ്ങളാൽ സർക്കാർ പുറത്തുവിട്ടിട്ടില്ല.
കൊല്ലപ്പെട്ട ആഭരണവ്യാപാരി നിഷാലും കുടുംബവും യഥാർത്ഥത്തിൽ പഞ്ചാബിലെ ഗുർദാസ്‌പൂരിൽ നിന്നുള്ളവരാണ്. എന്നാൽ പതിറ്റാണ്ടുകളായി അവർ ശ്രീനഗറിലാണ് താമസിച്ചുവരുന്നത്.