
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അനാഥമായ ബാല്യങ്ങൾക്ക് കൈത്താങ്ങുമായി ബോബി ചെമ്മണൂർ. ജപ്‌തി നടപടിക്കിടെ ദമ്പതികൾ തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തർക്കഭൂമിയും വീടും അവരുടെ മക്കൾക്ക് വേണ്ടി വ്യവസായി ബോബി ചെമ്മണൂർ വിലയ്‌ക്ക് വാങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ എഗ്രിമെന്റ് രാജന്റെ വീട്ടിൽ വച്ച് ബോബി ചെമ്മണൂർ രണ്ട് കുട്ടികൾക്കും കൈമാറും.
കുട്ടികൾക്കായി വീട് ഉടനെ പുതുക്കി പണിയാനാണ് ബോബി ചെമ്മണൂരിന്റെ തീരുമാനം. വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവൻ സംരക്ഷണവും അദ്ദേഹം തന്നെ ഏറ്റെടുക്കും.
‘ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതി. ഈ മണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല..’ നെയ്യാറ്റിൻകരയിൽ നിന്ന് കേട്ട കണ്ണീരിന്റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തിൽ പതിച്ചിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് സഹായ ഹസ്‌തവുമായി ബോബി ചെമ്മണൂരെത്തിയത്. തർക്കമുന്നയിച്ച ആളിൽ നിന്നും ആ ഭൂമി വാങ്ങി കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്താണ് ബോബി ചെമ്മണൂർ കയ്യടി നേടുന്നത്.
'തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി.' എന്നാണ് ബോബി ചെമ്മണൂർ പറയുന്നത്. കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരിക്കുന്നത്.