ജാർഖണ്ഡ്: തർക്കത്തിനെ തുടർന്ന് മാവോയിസ്‌റ്റ് നേതാവ് സുഹൃത്തായ ഗ്രാമീണനെ വെടിവച്ചു കൊന്നു. വിവരമറിഞ്ഞെത്തിയ ഗ്രാമീണന്റെ ബന്ധുക്കൾ വടികളുമായെത്തി നേതാവിനെയും ഭാര്യയെയും മർദ്ദിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ മാവോയിസ്‌റ്റ് സാന്നിദ്ധ്യമുളള പലാമു ജില്ലയിലെ മനാതു പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ. സ്ഥലത്തെ പ്രധാന മാവോയിസ്‌റ്റ് നേതാവാണ് പ്രഗാശ് സിംഗ്. ഇയാളുടെ സുഹൃത്തായ ഗ്രാമവാസി ബിനോദ് സിംഗുമായി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. ദേഷ്യം മൂത്ത പ്രഗാശ് തന്റെ തോക്കെടുത്ത് ബിനോദിനെ കൊലപ്പെടുത്തി. പിന്നീട് പുതുവർഷ ആഘോഷം നടത്തിയ പ്രഗാശ് സിംഗിനടുത്തേക്ക് ബിനോദിന്റെ ബന്ധുക്കളെത്തി. തുടർന്ന് നടന്ന തർക്കത്തിൽ പ്രഗാശിനെ ബിനോദിന്റെ ബന്ധുക്കൾ അടിച്ചുവീഴ്‌ത്തി. ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ ഇയാളുടെ ഭാര്യ പ്രേംനി ദേവിയെയും അവർ മർദ്ദിച്ചു. വൈകാതെ അടിയേറ്റ ഇരുവരും മരണമടഞ്ഞതായും സംഭവത്തിന് പിന്നിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും സ്ഥലം എസ്.പി സഞ്ജീവ് കുമാർ അറിയിച്ചു. വെളളിയാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നതെങ്കിലും പൊലീസിന് സ്ഥലത്തേക്ക് കടക്കാനായത് ശനിയാഴ്‌ച മാത്രമാണ്.