ബൊഗോട്ട: ഭക്ഷണപ്രിയരെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭവം കൊളംബിയയിലുണ്ട്. സ്വർണം ചേർന്ന 24 കാരറ്റ് ബർഗർ!. കൊളംബിയയിലെ ബുക്കാറമംഗയിലെ റെസ്റ്റോറന്റായ ടോറോ മക്കോയിലാണ് സ്വർണം ചേർത്ത ബർഗറുള്ളത്. കൊവിഡിൽ തകർന്ന വ്യവസായ മേഖലയെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് സ്വർണ ബർഗർ തയ്യാറാക്കിയത്. ബർഗറിന്റെ പേര് ഒറോ മകോയ് എന്നാണ്. മരിയ പൗല എന്ന ഷെഫാണ് ഈ ബർഗർ തയാറാക്കിരിക്കുന്നത്. കട്ലെറ്റ്, ഇറച്ചി, ചീസ് എന്നിവയ്ക്കു മുകളിൽ ‘ഗോൾഡ് ഫോയിൽ പ്ലേറ്റിംഗ്’ ചെയ്തതാണ് ബർഗർ തയ്യാറാക്കിയത്. ബർഗറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ടോറോ മക്കോയിൽ തിരക്ക് വർദ്ധിക്കുകയാണ്. കാരമലൈസ്ഡ് ബേക്കൺ, സാധാരണ ബർഗറിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇറച്ചി, ചീസ്, എന്നിവ ഉപയോഗിച്ചു തയാറാക്കിയ ബർഗറിനു മുകളിൽ 24 കാരറ്റ് ‘സ്വർണക്കടലാസ്’ ചൂടാക്കി ചുറ്റുന്നു. ബർഗറിനു മുകളിൽ ചുറ്റുന്ന സ്വർണം ഉരുകിയൊലിക്കുമ്പോൾ ബർഗർ തിളങ്ങും. ‘ഗോൾഡ് ഫോയിൽ’ ചുറ്റുന്നതിലുള്ള വൈദഗ്ദ്ധ്യമാണു ബർഗറിന്റെ ഭംഗിയും രുചിയും നിശ്ചയിക്കുന്നത്. ‘സ്വർണം കയ്യിൽ ഒട്ടിയാൽ ബർഗറിന്റെ ഭംഗി നഷ്ടപ്പെടും’ – മരിയ പറഞ്ഞു.
സ്വർണം കലർന്ന ഇൗ ബർഗറിന് 51 ഡോളറാണു വില. അതായത് നാലായിരം ഇന്ത്യൻ രൂപ.
ലോകത്തിലെ ഏറ്റവും ചിലവേറിയ ബർഗർ ഇതല്ല. ന്യൂയോർക്കിലെ ഒരു റസ്റ്റോറന്റിൽ 295 ഡോളർ വിലവരുന്ന ബർഗർ ലഭ്യമാണ്.