ജാർഖണ്ഡ്: തർക്കത്തിനിടയിൽ ഗ്രാമീണനെ വെടിവച്ചുകൊന്ന മാവോയിസ്റ്റ് നേതാവിനെയും ഭാര്യയെയും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. ജാർഖണ്ഡിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പലാമു ജില്ലയിലെ കുണ്ടലിപൂർ ഗ്രാമത്തിൽ മനാതു പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്ഥലത്തെ പ്രധാന മാവോയിസ്റ്റ് നേതാവാണ് പ്രഗാശ് സിംഗ് (പ്രകാശ് ഭോക്ത). ഇയാളുടെ സുഹൃത്തായ ഗ്രാമവാസി ബിനോദ് സിംഗുമായി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി. ദേഷ്യം മൂത്ത പ്രഗാശ് തന്റെ തോക്കെടുത്ത് ബിനോദിനെ വെടിവച്ചു കൊന്നു. പിന്നീട് പുതുവർഷ ആഘോഷം നടത്തിയ പ്രഗാശ് സിംഗിനടുത്തേക്ക് ബിനോദിന്റെ ബന്ധുക്കളെത്തി. തുടർന്ന് നടന്ന തർക്കത്തിൽ പ്രഗാശിനെ ബിനോദിന്റെ ബന്ധുക്കൾ അടിച്ചുവീഴ്‌ത്തി. നാട്ടുകാരും ഒപ്പം ചേർന്നു. ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ ഇയാളുടെ ഭാര്യ പ്രേംനി ദേവിയെയും അവർ മർദ്ദിച്ചു. ഇരുവരും കൊല്ലപ്പെട്ട ശേഷമാണ് ജനക്കൂട്ടം പിൻവാങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെങ്കിലും പൊലീസിന് സ്ഥലത്തേക്ക് കടക്കാനായത് ഇന്നലെയാണ്.