indian-cricket

മെൽബൺ: ബയോ–സെക്യുർ ബബിൾ ലംഘിച്ച് കോവിഡ് ചട്ടങ്ങൾ പാലിക്കാതെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്ടൻ രോഹിത് ശർമ ഉൾപ്പെടെ അഞ്ച് താരങ്ങളെ ഐസലേഷനിലേക്ക് മാറ്റിയെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.

പുറത്തുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന ബയോ–സെക്യുർ ബബിൾ സംവിധാനം രോഹിത് ശർമ ഉൾപ്പെടെയുള്ളവർ ലംഘിച്ചത് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നത് വിവാദം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരെ ഐസൊലേഷനിലേക്ക് മാറ്റിയത്. കൊവിഡ് ചട്ടലംഘനം ഉണ്ടായോ എന്ന കാര്യത്തിൽ ക്രിക്കറ്റ് ആസ്ട്രേലിയയും ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മെൽബണിലെ ഒരു റസ്റ്റൊറന്റിൽ അഞ്ചംഗ ഇന്ത്യൻ സംഘം ഭക്ഷണം കഴിക്കാനെത്തിയത്. ഇവർ ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഏഴാം തീയതി മുതൽ സിഡ്നിയിൽ ആരംഭിക്കാനിരിക്കെയാണ് വൈസ് ക്യാപ്ടൻ ഉൾപ്പെടെയുള്ളവർ ഐസലേഷനിലായത്. നിലവിൽ മെൽബണിലുള്ള ഇന്ത്യൻ ടീം അഞ്ചിനാണ് സിഡ്നിയിലേക്ക് പോകാനിരിക്കുന്നത്.

ഇന്ത്യ ,ആസ്ട്രേലിയ ടീമുകളുടെ താമസ സ്ഥലത്തുനിന്ന് ഇവരെ മാറ്റിയെങ്കിലും പരിശീലനം തുടരുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പാക്കാനാണ് ഇവരെ ഐസാെലേഷനിലേക്ക് മാറ്റുന്നതെന്നും ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി

ഇന്ത്യൻ താരങ്ങൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചിത്രവും വിഡിയോയും നവൽദീപ് സിംഗ് എന്ന ഒരു ആരാധകനാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ താരങ്ങളുടെ ബിൽ താനാണ് അടച്ചതെന്നും, ഇതറിഞ്ഞ് ഋഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തതായും ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഇയാൾ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഋഷഭ് പന്ത് തന്നെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും, ഒരു ആവേശത്തിൽ അങ്ങനെ എഴുതിപ്പോയതാണെന്നും നവൽദീപ് സിംഗ് പറഞ്ഞു.