saurav-ganguly

സൗരവ് ഗാംഗുലിക്ക് ആൻജിയോ പ്ളാസ്റ്റി, നില തൃപ്തികരമാണെന്ന് ഡോക്ടർമാർ

കൊൽക്കത്ത : നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ആൻജിയോ പ്ളാസ്റ്റി നടത്തി. ഹൃദയധമനികളിൽ മൂന്ന് ബ്ളോക്കുകൾ ഉണ്ടായിരുന്നുവെന്നും നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെ വീട്ടിലെ ജിംനേഷ്യത്തിൽ പതിവ് ട്രെഡ്മിൽ വ്യായാമത്തിനിടെ നാൽപ്പത്തെട്ടുകാരനായ ഗാംഗുലി നെ‍‍‍ഞ്ചുവേദന മൂലം കുഴഞ്ഞു വീഴുകയായിരുന്നു.പെട്ടെന്നു തന്നെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ വിദഗ്ദ്ധഡോക്ടർമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. ബംഗാൾ കായികമന്ത്രിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ ലക്ഷ്മി രത്തൻ ശുക്ളയടക്കമുള്ള പ്രമുഖർ ആശുപതിയിലെത്തി.

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം എന്ന വാർത്ത ക്രിക്കറ്റ് ആരാധകരെ ഇന്നലെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.ഉച്ചയ്ക്ക് ശേഷമാണ് സൗരവിനെ ആശുപത്രയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത്. സ്ഥിതി ഗുരുതരമെന്നായിരുന്നു ആദ്യ വാർത്തകൾ. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ അദ്ദേഹം വേഗം രോഗമുക്തനാകട്ടെ എന്ന പ്രാർത്ഥനയോടെ ട്വീറ്റ് ചെയ്തതോടെ ആരാധകരും ടെൻഷനിലായി. എന്നാൽ വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്ന് പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനുകൾ സമാധാനം പകർന്നു.

ആൻജിയോപ്ളാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു റിപ്പോർട്ട്. ഗാംഗുലി ബോധത്തോടെ തന്നെയിരിക്കുന്നതായും അറിയിച്ചു. മൂന്ന് ബ്ളോക്കുകളാണ് ഹൃദയ ധമനികളിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം സ്റ്റെന്റ് ഉപയോഗിച്ച് തുറന്നു. മറ്റുള്ള ബ്ളോക്കുകൾക്ക് സ്റ്റെന്റ് ഉപയോഗിക്കണമോ മരുന്നുകൊണ്ട് മാറുമോ എന്നുള്ള കാര്യം തുടർപരിശോധനകൾക്ക് ശേഷം തീരുമാനിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ വാരം അഹമ്മദാബാദിൽ നടന്ന ബി.സി.സി.ഐ വാർഷിക യോഗത്തിന് ശേഷം കൊൽക്കത്തയിലെത്തിയ ഗാംഗുലി ബെഹാലിയിലെ വീട്ടിലായിരുന്നു.വെള്ളിയാഴ്ചയും വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി കുടുംബ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ട്രെഡ്മില്ലിൽ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.ഭാര്യ ഡോണ റോയ്‌യും ജേഷ്ഠൻ സ്നേഹാശിഷും ആശുപത്രിയിൽ ഒപ്പമുണ്ട്.

സച്ചിൻ ടെൻഡുൽക്കർ, വിരേന്ദർ സെവാഗ്,മുഹമ്മദ് കൈഫ്, ശിഖർ ധവാൻ, മമതാ ബാനർജി തുടങ്ങി ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപ്പേരാണ് ഗാംഗുലിക്ക് രോഗമുക്തി ആശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത്.