boby-chemmannur

തനിക്ക് നേരെ വന്ന ട്രോളുകളും പരിഹാസങ്ങളുമെല്ലാം തട്ടിത്തെറിപ്പിച്ച് സോഷ്യൽ മീഡിയയിൽ സ്റ്റാറായി മാറി വ്യവസായി ബോബി ചെമ്മണ്ണൂർ. നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയുമായി ബന്ധപ്പെട്ട് മരണമടഞ്ഞ ദമ്പതികളുടെ മക്കൾക്കായി പരാതിക്കാരിയായ വസന്തയിൽ നിന്നും തർക്കഭൂമി വില നൽകി വാങ്ങിയതാണ് സോഷ്യൽ മീഡിയ ബോബിയെ പ്രശംസിക്കുന്നത്.

വില കൊടുത്ത് വാങ്ങിയ ഭൂമി തങ്ങൾ സ്വീകരിക്കില്ലെന്നും സർക്കാരാണ് ഭൂമി തങ്ങൾക്ക് നൽകേണ്ടതെന്നും മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കൾ നിലപാടെടുത്തുവെങ്കിലും ബോബിയുടെ ഈ നന്മനിറഞ്ഞ പ്രവൃത്തി ഏവരുടെയും മനം കവർന്നിരിക്കുക തന്നെയാണ്.

bobby1

'ബോബി സാർ മാസ്സാണെ'ന്നും അദ്ദേഹം 'യഥാർത്ഥ നന്മമരമാണെ'ന്നും മറ്റുമാണ് ഇത് സംബന്ധിച്ച മാദ്ധ്യമ വാർത്തകൾക്ക് കീഴിലായി കമന്റിടുന്നത്. സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിലും മറ്റുമായി ബോബിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് വരുന്നത്.

അതിനിടെ തർക്കഭൂമി വിൽക്കാൻ സാധിക്കുകയില്ലെന്നും വസന്തയുടെ കൈവശമിരിക്കുന്ന പട്ടയം വ്യാജമാണെന്ന ദമ്പതികളുടെ പരാതി കണക്കിലെടുക്കുമ്പോൾ അതെങ്ങനെയാണ് വാങ്ങാൻ സാധിക്കുകയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കുട്ടികളും ചൂണ്ടിക്കാണിച്ചിരുന്നു. വസന്ത ബോബിയെ കബളിപ്പിച്ചതാണെന്നും കുട്ടികൾ ആരോപിക്കുന്നു.

bobby2

അതേസമയം, കുട്ടികൾക്ക് ഭൂമിയുടെ അവകാശം സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അത് താൻ കൈവശം വയ്ക്കുമെന്നും അവർ എപ്പോൾ ആവശ്യപ്പെട്ടാലും അത് നൽകുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.

താൻ ഒരു അഭിഭാഷകനെയും കൂട്ടികൊണ്ടാണ് വസന്തയിൽ നിന്നും ഭൂമി വാങ്ങാനായി പോയിരുന്നതെന്നും ഇക്കാര്യത്തിൽ നിയമപ്രശ്നങ്ങൾ ഒന്നുമില്ലെന്ന്‌ ബോദ്ധ്യപ്പെട്ട ശേഷമാണ് ഭൂമി വാങ്ങിയതെന്നും ബോബി പറഞ്ഞു. വസന്ത തന്നെ കബളിപ്പിക്കാൻ നോക്കിയതാണെങ്കിൽ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാൻ താൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.