വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ വിസ്കോൻസിനിൽ കൊവിഡ് വാക്‌സിൻ മനഃപ്പൂർവം നശിപ്പിച്ചുകളഞ്ഞ ഫാർമസിസ്റ്റ് അറസ്റ്റിൽ. അഞ്ഞൂറിലധികം വാക്‌സിൻ ഡോസുകളാണ് ഇയാൾ നശിപ്പിച്ചത്. 8.12ലക്ഷത്തോളം രൂപയുടെ മരുന്നാണ് നശിപ്പിക്കപ്പെട്ടത്. സുരക്ഷ അപകടത്തിലാക്കുക, മരുന്നിൽ കൃത്രിമം കാണിക്കുക തുടങ്ങിയ വകുപ്പുകൾക്ക് പുറമെ ക്രിമിനൽ വകുപ്പുകൾ കൂടി ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരുന്ന് നശിപ്പിച്ച സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അറോറ ഹെൽത്ത് കെയറിലെ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് കമ്പനി അറിയിച്ചു. പ്രതിക്കെതിരായ കുറ്റം തെളിയുന്നതുവരെ പേര് പുറത്തുവിടില്ലെന്ന് പൊലീസ് പറഞ്ഞു. ആദ്യം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മനഃപൂർവമാണെന്ന് കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.