vasantha

നെയ്യാറ്റിൻകരയിലെ രാജൻ-അമ്പിളി ദമ്പതികളുടെ മരണത്തോടെ അനാഥരായ അവരുടെ മക്കൾ രഞ്ജിത്തിനും രാഹുലിനും വേണ്ടി നാട് മുഴുവൻ കണ്ണീർ പൊഴിച്ചപ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിന്നയാളാണ് അവർ താമസിച്ചിരുന്ന ഭൂമിക്ക് മേൽ അവകാശം ഉന്നയിച്ച അയൽക്കാരി വസന്ത. ഒന്നര വർഷം മുൻപ് രാജനും കുടുംബവും ലക്ഷംവീട് കോളനിയിലെ ഭൂമിയിൽ താമസം ആരംഭിച്ചപ്പോഴാണ് ആ സ്ഥലം തന്റേതാണെന്ന് പറഞ്ഞുകൊണ്ട് വസന്ത നെയ്യാറ്റിൻകര മുൻസിഫ് കോടതിയെ സമീപിച്ചത്.

തുടർന്ന്, തുടർന്ന് സ്ഥലത്തിന്റെ കാര്യത്തിൽ ജപ്തി നടപടിയുണ്ടാകുകയും ദമ്പതികൾ മരണപ്പെടുകയും ചെയ്തപ്പോഴും തന്റെ നിലപാട് മയപ്പെടുത്താൻ വസന്ത തയാറായിരുന്നില്ല. എന്നാൽ ഇന്ന് വസന്ത താൻ മുൻപെടുത്ത നിലപാടിൽ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്. തർക്കഭൂമി വാങ്ങിക്കൊണ്ട് അത് കുട്ടികൾക്ക് കൈമാറുമെന്നറിയിച്ച് വ്യവസായി ബോബി ചെമ്മണൂർ വസന്തയെ സമീപിച്ചതോടെയാണ് അവർ നിലപാട് മയപ്പെടുത്തിയത്. തുടർന്ന് ഭൂമിയുടെ രേഖകൾ വസന്ത ബോബിക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപക ശ്രദ്ധ നേടുകയും ചെയ്തു.

പണം വാങ്ങിയിട്ടാണെങ്കിലും വസന്ത സ്ഥലം വിട്ടുനൽകാൻ തയ്യാറായതിൽ സോഷ്യൽ മീഡിയ അനുകൂലമായാണ് പ്രതികരിച്ചത്, എത്ര രൂപയ്ക്കാണ് ബോബി വസന്തയിൽ നിന്നും സ്ഥലം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. അതിനിടെ തർക്കഭൂമി വിൽക്കാൻ സാധിക്കുകയില്ലെന്നും വസന്തയുടെ കൈവശമിരിക്കുന്ന പട്ടയം വ്യാജമാണെന്ന ദമ്പതികളുടെ പരാതി കണക്കിലെടുക്കുമ്പോൾ അതെങ്ങനെയാണ് വാങ്ങാൻ സാധിക്കുകയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കുട്ടികളും ചൂണ്ടിക്കാണിച്ചിരുന്നു.

വസന്ത ബോബിയെ കബളിപ്പിച്ചതാണെന്നും കുട്ടികൾ ആരോപിക്കുന്നു. അതേസമയം, കുട്ടികൾക്ക് ഭൂമിയുടെ അവകാശം സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അത് താൻ കൈവശം വയ്ക്കുമെന്നും അവർ എപ്പോൾ ആവശ്യപ്പെട്ടാലും അത് നൽകുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. താൻ ഒരു അഭിഭാഷകനെയും കൂട്ടികൊണ്ടാണ് വസന്തയിൽ നിന്നും ഭൂമി വാങ്ങാനായി പോയിരുന്നതെന്നും ഇക്കാര്യത്തിൽ നിയമപ്രശ്നങ്ങൾ ഒന്നുമില്ലെന്ന്‌ ബോദ്ധ്യപ്പെട്ട ശേഷമാണ് ഭൂമി വാങ്ങിയതെന്നും ബോബി പറഞ്ഞു.

വസന്ത തന്നെ കബളിപ്പിക്കാൻ നോക്കിയതാണെങ്കിൽ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാൻ താൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താൻ വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കൈയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നും വസന്ത പറഞ്ഞിരുന്നത്. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരിൽ വേറെ ഭൂമി ഇല്ലെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പ്രതികരിച്ചത്. ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണ് താൻ സ്വീകരിച്ചതെന്നും വസ്തു വിട്ടുകൊടുക്കാൻ മക്കൾ പറയുന്നുണ്ടെങ്കിലും തൽക്കാലം വിട്ടുകൊടുക്കില്ലെന്നും അവർ പറഞ്ഞിരുന്നു.