മുംബയ്: ഔറംഗബാദിനെ സാംബാജിനഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന നിർദ്ദേശത്തെ ചൊല്ലി കോൺഗ്രസും ശിവസേനയും തമ്മിൽ ഭിന്നത. മഹാസഖ്യ കക്ഷികളുടെ ഇടയിലുള്ള ഭിന്നത പരസ്യമായി പുറത്തു വന്നതോടെ വിശദീകരണവുമായി ശിവസേന രംഗത്തെത്തി. പേരിടൽ വിഷയത്തിലെ അഭിപ്രായ വ്യത്യാസം മഹാ അഗാഡി സഖ്യത്തെ ബാധിക്കില്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
സഖ്യകക്ഷികളായ ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നിവർ ഒരുമിച്ചിരുന്ന് സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലങ്ങളുടെ പേര് മാറ്റുന്നത് ഭരണ കക്ഷിയുടെ കോമൺ മിനിമം പ്രോഗ്രാമിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് ഔറംഗബാദിന്റെ പേരുമാറ്റാനുള്ള നിർദ്ദേശത്തെ കോൺഗ്രസ് എതിർത്തിരുന്നു.
ഔറംഗബാദിനെ സാംബാജിനഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ശിവസേനയാണ്. 1995 ജൂണിൽ ഔറംഗാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ജനറൽ ബോഡി യോഗത്തിൽ ഇത് സംബന്ധിച്ച ഒരു നിർദ്ദേശം പാസാക്കിയിരുന്നു. പിന്നീട് സേന - ബി.ജെ.പി സഖ്യം സംസ്ഥാനത്തിൽ അധികാരത്തിലെത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ജോഷി ഔറംഗാബാദിനെ സാംബാജിനഗറെന്ന് പുനർനാമകരണം ചെയ്യുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.