കേരളാ ബ്ളാസ്റ്റേഴ്സിനെ 2-0ത്തിന് തോൽപ്പിച്ച് മുംബയ് എഫ്.സി
മഡ്ഗാവ് : ആറ് കളികൾക്ക് ശേഷം ഒരു മത്സരത്തിൽ ജയിച്ച കേരള ബ്ളാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. ഇന്നലെ നടന്ന മത്സരത്തിൽ മഞ്ഞപ്പട മുംബയ് എഫ്.സിയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റു. കളി തുടങ്ങി 11 മിനിട്ടിനുള്ളിലാണ് രണ്ടുഗോളുകളും വാങ്ങിക്കൂട്ടിയത്. ബ്ളാസ്റ്റേഴ്സിന്റേത് സീസണിലെ നാലാം തോൽവിയാണ്.
കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ളാസ്റ്റേഴ്സിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ടാം മിനിട്ടിൽ ഹ്യൂഗോ ബോമസിനെ ബോക്സിനുള്ളിൽ കോസ്റ്റ നമോയ്നേസു ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചത് ബ്ളാസ്റ്റേഴ്സിന്റെ നെറുകയിലേറ്റ പ്രഹരമായി മാറി. കിക്കെടുത്ത ലെ ഫോൺഡ്രേ പിഴവുകളൊന്നും കൂടാതെ പന്ത് വലയിലെത്തിച്ചു. ഫോൺഡ്രേയുടെ വലംകാലൻ ഷോട്ട് വലയുടെ മദ്ധ്യത്തേക്കാണ് കയറിയത്.
ഒൻപതാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ ഒരു മുന്നേറ്റം ലക്ഷ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും നമോയ്നേസു ഓഫ്സൈഡായതിനാൽ ഫലമുണ്ടായില്ല. 11-ാം മിനിട്ടിൽ മഞ്ഞപ്പടയുടെ വലയിൽ അടുത്തഗോളും വീണു. ജഹോയിൽ നിന്ന് കിട്ടിയ പന്തുമായി കടന്നുകയറിയ ബൗമസ് ബ്ളാസ്റ്റേഴ്സ് ഗോളിയെ നിഷ്പ്രഭനാക്കി സ്കോർ ചെയ്യുകയായിരുന്നു.
14-ാം മിനിട്ടിൽ സഹൽ അബ്ദുൽ സമദിന് നല്ലൊരു ചാൻസ് ലഭിച്ചെങ്കിലും ഷോട്ട് വലയുടെ വലതുവശത്തേക്ക് പാളിപ്പോവുകയായിരുന്നു. 17-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ വലയിൽ അടുത്തഗോളും വീഴേണ്ടതായിരുന്നു. എന്നാൽ ബൗമസിന്റെ പാസിൽ നിന്നുള്ള മന്ദാർ റാവു ദേശായ്‌യുടെ ഷോട്ട് പുറത്തേക്കുപോയത് രക്ഷയായി.സഹലിലൂടെയാണ് ബ്ളാസ്റ്റേഴ്സ് പ്രത്യാക്രമണത്തിന് തുനിഞ്ഞത്. എന്നാൽ മുംബയ് പ്രതിരോധം ശക്തമായിരുന്നു. 22-ാം മിനിട്ടിൽ സഹലിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് പ്രതിരോധം തടുക്കുകയായിരുന്നു. 25-ാം മിനിട്ടിൽ ജെസെൽ കാർണേയ്റോയുടെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടും വെളിയിലേക്ക് പോയത് ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയായി.
കളി അരമണിക്കൂറിലേക്ക് എത്തിയപ്പോഴേക്കും തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. സഹൽ, വിൻസന്റെ ഗോമസ്,ജെസെയ്ൽ കാർണെയ്റോ,ജോർദാൻ മുറെ, ലാൽതതംഗ തുടങ്ങിയവരാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. 39-ാം മിനിട്ടിൽ വിൻസെന്റെ ഗോമസ് ഒരു അനാവശ്യഫൗളിന് മഞ്ഞക്കാർഡ് ഏറ്റുവാങ്ങി.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഇരുവശത്തും രണ്ട് അവസരങ്ങൾ തുറന്നെങ്കിലും ഗോൾ മാത്രം പിറന്നില്ല.
രണ്ടാം പകുതിയിലും അവസരങ്ങൾ നഷ്ടമാക്കുന്നതിൽ മാത്രമായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ ശ്രദ്ധ. 61-ാം മിനിട്ടിൽ ലാൽതതംഗയെ മാറ്റി കെ.പി രാഹുലിനെ കളത്തിലിറക്കി. തൊട്ടുപിന്നാലെ വിൻസന്റെ ഗോമസിന്റെ ഒരു ഹെഡർ വലയ്ക്ക് മുകളിലേക്ക് പോയി.
ഈ തോൽവിയോടെ എട്ട് കളികളിൽ നിന്ന് ആറുപോയിന്റ് നേടിയ ബ്ളാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്. 19 പോയിന്റുമായി മുംബയ് സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
ഫുൾ ഫിക്സ്ചർ തയ്യാർ
ഈ സീസൺ ഐ.എസ്.എല്ലിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങളുടെ മുഴുവൻ ഫിക്സ്ചർ സംഘാടകർ പുറത്തിറക്കി. നേരത്തേ ഈ മാസം പകുതിവരെയുള്ള മത്സരങ്ങളുടെ ക്രമമാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോഴുംനോക്കൗട്ട് മത്സരങ്ങളുടെ തീയതി നിശ്ചയിച്ചിട്ടില്ല. സീസണിൽ 110 മത്സരങ്ങളാണ് പ്രാഥമിക റൗണ്ടിലുള്ളത്. ഫെബ്രുവരി 28ന് എ.ടി.കെ മോഹൻ ബഗാനും മുംബയ് സിറ്റിയും തമ്മിലാണ് അവസാന ലീഗ് മത്സരം.
ഇന്നത്തെ മത്സരങ്ങൾ
ഈസ്റ്റ് ബംഗാൾ Vs ഒഡിഷ എഫ്.സി(വൈകിട്ട് 5.30 മുതൽ )
എ.ടി.കെ Vs നോർത്ത് ഈസ്റ്റ് (രാത്രി 7.30 മുതൽ )