ചണ്ഡീഗഢ്: മൂന്നുദിവസത്തിനിടെ ഹരിയാനയിൽ രണ്ടാമതും ദുരഭിമാനക്കൊല. ജാതിമാറി വിവാഹം ചെയ്തതിന് 23കാരനെ ഭാര്യാസഹോദരൻമാർ വെട്ടിക്കൊന്നു. പാനിപത്തിലാണ് ദാരുണമായ സംഭവം നടന്നത്. 23കാരനായ നീരജാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി പാനിപത്തിലെ തിരക്കേറിയ മാർക്കറ്റിൽ വെച്ചായിരുന്നു കൊലപാതകം. പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കൊലപാതകത്തിന് തൊട്ടുമുമ്പ് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നീരജിനെ ഫോൺ ചെയ്‌തതായി നീരജിന്റെ സഹോദരൻ ജഗദീഷ് പറഞ്ഞു. നീരജിന്റെ ഭാര്യയെ വിളിച്ച് നീ ഉടൻ കരയുമെന്ന് പറഞ്ഞതായും ജഗദീഷ് പരാതിൽ വ്യക്തമാക്കി. മുൻപും വധഭീഷണി ഉണ്ടായിരുന്നതായും പൊലീസിൽ പരാതിനൽകിയിട്നടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ പ്രണയം പ്രശ്‌നമായപ്പോൾ ഗ്രാമപ്രമുഖരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് നടന്നിരുന്നു. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചെങ്കിലും സഹോദരന്മാർ എതിർത്തുവെന്ന് പൊലീസ് പറഞ്ഞു.