ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ന് അനുമതി നൽകിയേക്കും. രാവിലെ പതിനൊന്ന് മണിക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ വാർത്താ സമ്മേളനം നടത്തും. അനുമതി കിട്ടിയാൽ ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്ക് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു.കൊവിഷീൽഡ് അഞ്ച് കോടി ഡോസ് നിർമിച്ച്, സംഭരിച്ചെന്ന് സിറം ഇൻസ്റ്റിറ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു കോടി ആരോഗ്യപ്രവർത്തകർക്കും രണ്ടു കോടി മുന്നണിപ്പോരാളികൾക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പറഞ്ഞു.
ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ല. എന്നിരുന്നാലും അടിയന്തര സാഹചര്യം മുൻനിർത്തിയാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ.
അതേസമയം വാക്സിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വാക്‌സിന്റെ ഒരു മാനദണ്ഡത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും ഹർഷവർദ്ധനൻ വ്യക്തമാക്കി.