പണം മനുഷ്യനെ എന്നും കൊതിപ്പിക്കും. പക്ഷേ, അതുപോലെ തന്നെ ശത്രുക്കളാക്കുകയും ചെയ്യും. പലപ്പോഴും നാട്ടിൽ നടക്കുന്ന കൊലയുടെയും അക്രമങ്ങളുടെയുമൊക്കെ മൂലകാരണം പണം തന്നെയാണ്. അത് കിട്ടാൻ വേണ്ടി കൊല്ലാനും ചാകാനും മടിയില്ലാത്തവരുടെ ലോകത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. അത്തരത്തിൽ മനുഷ്യനെ പണം എങ്ങനെ മനുഷ്യനെ ഭ്രാന്തനും ക്രൂരനുമാക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് വിവേക് ചന്ദ്രൻ സംവിധാനം ചെയ്ത് കൗമുദി ടി.വി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ദി മാഡ് ആൻഡ് ദ ഗോഡ്' എന്ന ഹ്രസ്വചിത്രം.
രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊള്ളയടിച്ച പണം ഒളിപ്പിക്കുന്നതിന് ശ്രമിക്കുന്നു. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെട്ടേക്കാമെന്ന് അറിയാവുന്നതിനാൽ തന്നെ അവർ പണം ഒളിപ്പിക്കാൻ മാർഗം കണ്ടെത്തുന്നു. എന്നാൽ പണമല്ലേ. ഒരാൾക്ക് മറ്റൊരാളെ വിശ്വസിക്കാൻ കാരണങ്ങളൊന്നും പോര. പരസ്‌പരം വഞ്ചിക്കുമെന്ന് രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. എന്നാലവർ അത് പുറത്തുകാട്ടുന്നുമില്ല. പക്ഷേ, എത്ര നേരം പരസ്‌പരമുള്ള ഈ അവിശ്വാസം അവർ തുടർന്നുപോകും. തനിക്ക് മാത്രമായി ആ പണം സ്വന്തമാകണമെന്ന ചിന്ത രണ്ടുപേരിലും ഉടലെടുക്കുന്നു. അതിനുവേണ്ടി കൊല്ലാനും ചാകാനും അവർ തയ്യാർ. പിന്നെയുള്ളത് പൊരിഞ്ഞ പോരാട്ടമാണ്. പക്ഷേ, അന്തിമ ജയം ആർക്കായിരിക്കും എന്നതാണ് സിനിമയുടെ ഇതിവൃത്തം. ദിലീപ് മോഹൻ, ഉദയകുമാർ, ശരൺ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.