കോഴിക്കോട്: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ആന അവശനിലയിൽ. കിണറിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് ആനയെ അവശനിലയിൽ കണ്ടെത്തിയത്. വനപാലകർ ചികിത്സ നൽകുന്നു.
കിണറ്റിൽ വീണ കാട്ടാനയെ വനപാലക സംഘം 14 മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. കർഷകനായ തൊണ്ണൂരിൽ ജോസ് കുട്ടിയുടെ തോട്ടത്തിലെ കിണറ്റിലാണ് ആന വീണത്. പട്രോളിംഗിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആന കിണറ്റിൽ കുടുങ്ങിയത് കണ്ടത്. ഉടൻ ഉന്നതാധികൃതരെ അറിയിച്ചു.
റോഡിൽ നിന്ന് മുക്കാൽ മണിക്കൂറോളം നടന്നുവേണം ഈ കുന്നിൽമുകളിൽ എത്താൻ. പെട്ടെന്ന് താത്കാലിക വഴി ഒരുക്കി ജെസിബി കൊണ്ടുവന്ന് രക്ഷാപ്രവർത്തനം തുടങ്ങി. കിണറിനോടു ചേർന്ന് കിടങ്ങുണ്ടാക്കി, അതിലൂടെ ആനയെ രാത്രി എട്ടു മണിയോടെ പുറത്തെത്തിച്ചു.ആന കിണറ്റിൽ വീണിട്ട് മൂന്ന് ദിവസമെങ്കിലും ആയിട്ടുണ്ടെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.