ജനീവ: 2019 നവംബറിൽ ചൈനയിലെ വുഹാനിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കുറഞ്ഞത് നാല് തരം വകഭേദങ്ങളെങ്കിലും ലോകത്തുണ്ടായിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2020 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ സ്‌പൈക്ക് പ്രോട്ടീൻ എൻകോഡു ചെയ്യുന്ന ജീനിന് പകരമായി D614G പകരമുള്ള SARSCoV2 ന്റെ ഒരു വകഭേദം പുറത്തുവന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അത് ചൈനയിലാണ് റിപ്പോർട്ട് ചെയ്തത്.
2020 ജൂൺ ആയപ്പോഴേക്കും ആഗോളതലത്തിൽ പ്രചരിക്കുന്ന വൈറസിൽ കൂടുതൽ മാറ്റം വന്നു. കൊവിഡിന്റെ മറ്റൊരു വകഭേദം 2020 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ റിപ്പോർട്ടുചെയ്തു. 'ക്ലസ്റ്റർ 5' എന്ന് വിളിക്കപ്പെടുന്ന വൈറസിന്റെ പുതിയ വകഭേദം ഡെൻമാർക്കിലെ നോർത്ത് ജട്ട്‌ലാൻഡിലാണ് തിരിച്ചറിഞ്ഞത്. ഈ വകഭേദം മനുഷ്യരിൽ പ്രതിരോധ ശേഷം കുറയ്ക്കുന്നതിന് കാരണമായേക്കാമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2020 സെപ്തംബറിൽ ക്ലസ്റ്റർ 5 ന്റെ 12 കേസുകൾ മാത്രമാണ് അധികൃതർ തിരിച്ചറിഞ്ഞത്.
2020 ഡിസംബർ 14 നാണ് ബ്രിട്ടനിൽ അടുത്ത വകഭേദം റിപ്പോർട്ട് ചെയ്തത്. ഈ വകഭേദം കണ്ടെത്തിയ സമയത്ത് ഇത് യുകെയിൽ ഉണ്ടായിരുന്ന SARSCoV2 വൈറസുമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാൽത്തന്നെ എങ്ങനെ, എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് വ്യക്തമല്ല. എന്നാൽ ബ്രിട്ടനിലുടനീളം പിന്നീട് ഈ വകഭേദം വ്യാപിക്കുകയും ചെയ്തു. കൂടാതെ ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൂന്ന് പ്രവിശ്യകളിൽ അതിവേഗം പടരുന്ന SARSCoV2 ന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ഡിസംബർ 18 ന് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു.