elephant

കോഴിക്കോട്: ജില്ലയിലെ ആനക്കാംപൊയിൽ തേൻപാറ മലമുകളിലെ കിണറ്റിൽ നിന്ന് വനപാലകർ രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. പരിശോധനയ്ക്ക് എത്തിയ വനപാലകരാണ് ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണതിന്റെ ഭാഗമായുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

വീഴ്ചയിൽ കാലിന് സാരമായി പരിക്കേറ്റിരുന്നു. മൂന്ന് ദിവസമായി ആഹാരം എടുക്കാനാകാത്തതും ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കി. രക്ഷപ്പെടുത്തിയശേഷം കാട്ടിലേക്ക് വിട്ടെങ്കിലും അവശത കാരണം മ‌ടങ്ങാനായില്ല. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ചികിത്സ നൽകിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് വനംവകുപ്പിന്റെ വാച്ചർമാർ കിണറിന് തൊട്ടടുത്തായി ആന വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ മയക്കുവെടി വച്ചതിനുശേഷം പരിശോധന നടത്തി ആന്തരികാവയവങ്ങൾക്ക് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തി.ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ ക്ഷീണവും കാലുകൾക്കേറ്റ പരിക്കും ആരോഗ്യനില വഷളാക്കിയെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. മുത്തപ്പൻ പുഴയ്ക്ക് സമീപം തേൻപാറ മലമുകളിലെ ആൾതാമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളിലാണ് കാട്ടാന വീണത്. മുന്നു ദിവസത്തിനുശേഷം ഏറെ പണിപ്പെട്ടാണ് വനംവകുപ്പ് ആനയെ കരയ്ക്ക് കയറ്റിയത്.