ak-balan

തിരുവനന്തപുരം: ഐ എഫ് എഫ് കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണെന്നും അതിൽ ആർക്കും സംശയം ഉണ്ടാകേണ്ട കാര്യം ഇല്ലെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. കൊവിഡ് സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അതിനാലാണ് ഇത്തവണ വേദികൾ വികേന്ദ്രീകരിച്ച് മേള നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ ഐ എഫ് എഫ് കെ പതിവനുസരിച്ച് സംഘടിപ്പിക്കാൻ കഴിയില്ല. 5000 പേരുടെ രജിസ്‌ട്രേഷൻ ആണ് ഇത്തവണ നടത്തുന്നത്. വലിയ മേള നടക്കുമ്പോൾ അതിനനുസരിച്ചുളള ആശങ്ക സർക്കാരിന് ഉണ്ട്. ഐ എഫ് എഫ് കെ പ്രാദേശിക പ്രദർശനം നടത്താറുണ്ട്. ഇത് പുതിയ സംഭവം അല്ല. ഐ എഫ് എഫ് കെ കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരത്ത് മാത്രമെന്നത് തെറ്റായ ധാരണയാണ്. ജില്ലയെ സ്നേഹിക്കുന്നവർ ഇത്തരം അനാവശ്യവിവാദം ഉയർത്തില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ശ്രമം. ഇത് അനുവദിക്കാനാകില്ല- മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിനൊപ്പം എറണാകുളത്തും പാലക്കാട്ടും തലശേരിയിലും വച്ച് നടത്താൻ സർക്കാർ തീരുമാനി​ച്ചി​രുന്നു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തൊട്ടുപി​ന്നാലെ സർക്കാർ തീരുമാനം വിവാദമായി​. ഐ എഫ് എഫ് കെ തിരുവനന്തപുരത്തിന്റെ മേളയാണെന്നും വേദികളുടെ വികേന്ദ്രീകരണം അനുവദിക്കാനാകില്ലെന്നുമായിരുന്നു വിമർശകരുടെ പക്ഷം.