globe-master

ന്യൂഡൽഹി: ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളും ഏഴായിരത്തിലേറെ ടൗണുകളും ഉള്ള ഇന്ത്യയിൽ എല്ലായിടത്തും വാക്‌സിൻ വേഗത്തിൽ എത്തിക്കുക വെല്ലുവിളിയാണ്. ഇത് മറികടക്കാൻ വ്യോമസേനയുടെയും റെയിൽവെയുടെയും സഹകരണം കേന്ദ്രം തേടും. കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കാൻ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യൻ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്.

വാക്‌സിൻ സൂക്ഷിക്കാൻ രാജ്യത്ത് 28,947 ശീതീകരണ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മരുന്ന് കമ്പനികളിൽ നിന്ന് വാക്സിൻ ഈ കോൾഡ് സ്റ്റോറേജ് കേന്ദ്രങ്ങളിൽ എത്തിക്കുന്നത് സി-17 ഗ്ലോബ് മാസ്റ്റർ, സി-130 ജെ സൂപ്പർ ഹെർക്കുലിസ്, ഐ.എൽ 76 ഇനങ്ങളിലുള്ള വലിയ ചരക്കുവിമാനങ്ങളിൽ ആയിരിക്കും. ഇവിടങ്ങളിൽ നിന്ന് വാക്സിൻ ചെറിയ കേന്ദ്രങ്ങളിൽ എത്തിക്കാൻ എ.എൻ.32, ഡോർണിയർ ലഘുവിമാനങ്ങളും എ.എൽ.എച്ച്, ചീറ്റ, ചിനൂക്ക് ഹെലികോപ്ടറുകളും ഉപയോഗിക്കും. അടിയന്തര ഘട്ടങ്ങളിൽ മാത്രം വ്യോമസേന ഉപയോഗിക്കുന്ന വിമാനങ്ങളാണ് -17 ഗ്ലോബ് മാസ്റ്റർ, സി-130 ജെ സൂപ്പർ ഹെർക്കുലീസ് എന്നിവ. 1990ൽ ഗൾഫ് യുദ്ധ സമയത്ത് കുവൈറ്റിൽ നിന്ന് 1,70,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതിന്റെ റെക്കാഡ് ഇത്തരത്തിൽ ഇന്ത്യൻവ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. അന്ന് 500 വിമാന സർവീസുകൾ നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്‌.

2018ൽ റൂബെല്ല, മീസൽസ് വാക്‌സിനുകൾ രാജ്യത്തെ വിദൂര സ്ഥലങ്ങളിൽ എത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ റെയിൽ ബന്ധമുള്ള വിദൂര ഗ്രാമങ്ങളിൽ വാക്‌സിൻ എത്തിക്കാൻ ട്രെയിനുകളെയും ആശ്രയിച്ചേക്കും. വാക്‌സിൻ കൊണ്ടുപോകാൻ കോച്ചുകൾ കോൾഡ് സ്റ്റോറേജുകളാക്കി മാറ്റേണ്ടതുണ്ട്.