accident

കാസർകോട്: പാണത്തൂരിൽ വി​വാഹസംഘം സഞ്ചരി​ച്ചി​രുന്ന ടൂറി​സ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ഏഴുപേർ മരി​ച്ചു. അർദ്ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകൻ ശ്രേയസ് (13), സുളള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെൽനാട് സ്വദേശി രാജേഷ് (45), പുത്തൂർ സ്വദേശിനി സുമതി എന്നിവരുടെ മ‍ൃതദേഹങ്ങളാണ് പൂടംകല്ലിലുള്ളത്. ഒരു കുട്ടിയുടെ മൃതദേഹം കാ‍ഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്. നാലുപേർ സംഭവസ്ഥലത്തുവച്ചും മറ്റുളളവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴുമാണ് മരിച്ചത്. 46 പേർക്ക് പരി​ക്കേറ്റു എന്നാണ് റിപ്പോർട്ട്. 11പേരുടെ നി​ല അതീവ ഗുരുതരമാണ്. കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെയും മംഗലാപുരത്തെയും വിവിധ ആശുപത്രികളിൽ പ്രവേശി​പ്പി​ച്ചു.

കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 11.45 ഓടെയാണ് സംഭവം. പരി​യാരം ഇറക്കത്തിൽവച്ച് നിയന്ത്രണം വിട്ട ബസ് റോഡുവക്കിലെ മരം ഇടിച്ചുമറിച്ചശേഷം സമീപത്തെ ഭാസ്കരൻ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു. ബസ് പൂർണമായും തകർന്നു. വീടും ഭാഗികമായി തകർന്നിട്ടുണ്ട്. ബസിൽ 70ൽ അധി​കം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി​യത്. ബസിനടിയിൽപെട്ടവരാണ് മരിച്ചത്.


അമി​തവേഗതയാണ് അപകടത്തി​ന് ഇടയാക്കി​യതെന്നാണ് പ്രദേശവാസി​കൾ പറയുന്നത്. ജി​ല്ലാ കളക്ടർ ഉൾപ്പടെയുളള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തി​രി​ച്ചി​ട്ടുണ്ട്.അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.