കോഴിക്കോട്: ലോകത്തെ വിറപ്പിച്ച കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ ഇന്ത്യയിൽ വാക്സിൻ ഉപയോഗത്തിന് അനുമതിയായതിന്റെ ആശ്വാസത്തിലാണ് ജില്ലയിലുള്ളവർ. എന്നാൽ വാക്സിന്റെ പാർശ്വഫലങ്ങൾ അധികമൊന്നും ചർച്ചയാകാത്തതിനാൽ ആശങ്ക ഒഴിയുന്നുമില്ല. മഹാമാരിയിൽ സാമ്പത്തികമായും ആരോഗ്യപരമായും ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഇരട്ടി പ്രഹരമാകുമോ വാക്സിൻ ഉപയോഗം എന്നാണ് പലരുടെയും സംശയം. വാക്സിൻ നൽകുന്നതിന് മുമ്പ് കൃത്യമായ ബോധവത്കരണം ആവശ്യമാണെന്ന നിർദ്ദേശവും ഉയർന്നുവരുന്നുണ്ട്. കൊവീഷീൽഡ് വാക്സിന് അനുമതി നൽകിയെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തോട് കോഴിക്കോട് നഗരത്തിലെ ജനങ്ങൾ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
സ്വന്തമായി മേൽവിലാസമില്ലാത്ത നിരവധിപേർ തെരുവുകളിൽ കഴിയുന്നുണ്ട്. ആരോഗ്യപ്രവർത്തകരും മുന്നണിപോരാളികളും കഴിഞ്ഞാൽ അവർക്കാണ് പരിഗണന നൽകേണ്ടത്. അവർക്ക് വേഗത്തിൽ രോഗം വരാനും സമ്പർക്കത്തിനും സാദ്ധ്യത കൂടുതലാണ് - സിവി, ആന്റണി, മാനാഞ്ചിറ
കൊവിഡിന് മുമ്പുണ്ടായിരുന്ന ജീവിതമാണ് ആഗ്രഹിക്കുന്നത്. വാക്സിൻ വന്നാൽ എല്ലാം പഴയപടിയാകുമെന്ന പ്രതീക്ഷയുണ്ട്. പാർശ്വഫലങ്ങൾ അറിയാത്തതിനാൽ ചെറിയൊരു ആശങ്ക. - പ്രവീൺ, ജിത്തു, പ്രജീഷ്- ബസ് ജീവനക്കാർ
ഇപ്പോൾത്തന്നെ കഷ്ടപ്പാടാണ്. പണം നൽകി വാങ്ങിയാലും എങ്ങനെ വിശ്വസിച്ച് വാക്സിനെടുക്കും. വൈറസിന് മാറ്റങ്ങൾ വരികയല്ലെ. വാക്സിൻ സൗജന്യമായി നൽകണം - ലോഹിതാക്ഷൻ- കപ്പലണ്ടി കച്ചവടക്കാരൻ
പാർശ്വഫലമറിയില്ല. എന്നാൽ സർക്കാരിൽ പൂർണ പ്രതീക്ഷയുണ്ട്. ജനങ്ങൾക്ക് പരിചയകുറവുള്ളതിനാൽ ഭീതിയുണ്ട്. വാക്സിനെകുറിച്ച് ബോധവത്കരണം ആവശ്യമാണ് - ഷാനു, നന്ദന, ജീജ- മാനാഞ്ചിറ
ജനങ്ങൾ ഉപയോഗിച്ച് ഫലപ്രദമാണെന്ന് മനസിലായാലേ എല്ലാം പഴയതുപോലെ ആകൂ. പ്രതീക്ഷയുണ്ട് - മുരുകൻ, ഓട്ടോഡ്രൈവർ
പലരുടെയും ശരീരം പലവിധത്തിലാണ് വാക്സിനോട് പ്രതികരിക്കുക. ആശങ്കയുണ്ട് - പുരുഷോത്തമൻ , കച്ചവടക്കാരൻ, മിഠായിത്തെരുവ്
ടാക്സ് കൊടുക്കുന്നവരാണ് ഓരോ ജനങ്ങളും. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിലാണ്. സർക്കാർ സൗജന്യമായി വാക്സിൻ നൽകണം - യേശുദാസ് , ഹോട്ടൽ ജീവനക്കാരൻ, മിഠായിത്തെരുവ്