തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടൻ സ്വപ്നയെ ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ, പഞ്ചാബിലെ ദേവ് എജ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസർട്ടിഫിക്കറ്റ് ഒപ്പിച്ചതെന്ന് വ്യക്തമായി. സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നൽകാൻ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. സർട്ടിഫിക്കറ്റ് ലഭിക്കാനായി ഒരുലക്ഷം രൂപയാണ് സ്വപ്ന നൽകിയത്. മുംബയിലെ ഡോ.ബാബ സാഹിബ് സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്. ഇത് ഹാജരാക്കിയാണ് സ്പേസ് പാർക്കിൽ സ്വപ്ന ജോലി നേടിയത്. 2017 ലാണ് ഈ സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് കിട്ടിയത്.