file

തിരുവനന്തപുരം :വ്യാജ പരാതിയിൽ പ്രൊമോഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വിഭാഗം മുൻ മേധാവി ഡോ.പി.കെ.സുന്ദർരാജിന് നാല് വർഷത്തെ പ്രൊമോഷൻ കാലയളവിലെ അർഹതപ്പെട്ട ശമ്പളവും തുടർന്നുള്ള 18 വർഷത്തെ പെൻഷൻ ആനുകൂല്യങ്ങളും കുടിശ്ശിക സഹിതം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു.

അർഹമായ പ്രൊമോഷൻ നൽകുന്നതിൽ വീഴ്ച വരുത്തിയത് തൊഴിലുടമയായ സർക്കാരാണെങ്കിൽ, 'ജോലിക്ക് കൂലി' വാദം ഉന്നയിച്ച് ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

1998 മേയ് ഒന്ന് മുതലുള്ള പ്രൊഫസർ തസ്തികയിലെ പ്രൊമോഷനും,തുടർന്നുള്ള പ്രിൻസിപ്പൽ നിയമനവുമാണ് ഡോ.സുന്ദർരാജിന് നിഷേധിക്കപ്പെട്ടത്. പ്രൊമോഷൻ ലഭിച്ചതാവട്ടെ, സർവീസിൽ നിന്ന് വിരമിച്ച 2002 മേയ് 31ന് 30 ദിവസം മുമ്പും. രോഗിക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ് ജനറൽ അനസ്തീഷ്യയ്ക്ക് പകരം, ലോക്കൽ അനസ്തീഷ്യ നൽകിയെന്ന വ്യാജ പരാതിയുടെ മറവിലാണ് പ്രൊമോഷൻ തടഞ്ഞതെന്നും സർവീസിൽ നിന്ന് വിരമിച്ച മാസംവരെ ഇതിന്റെ പേരിലുള്ള വകുപ്പ് തല അന്വേഷണം നീട്ടിക്കൊണ്ടു പോയെന്നും ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ഡോ.സുന്ദർരാജ് അനുകൂല വിധി നേടി.ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും സുപ്രീം കോടതിയിലും സർക്കാർ നൽകിയ അപ്പീലുകൾ തള്ളി. 18 വർഷത്തെ നിയമയുദ്ധമാണ് ഒടുവിൽ വിജയം കണ്ടത്.