കാബൂൾ: അഫ്ഗാനിസ്ഥാനിൽ യുവ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ജനുവരി ഒന്നിനാണ് സംഭവം നടന്നത്. 28 കാരനായ ബിസ്മില്ല അദൽ ഐമഖാണ് കൊല്ലപ്പെട്ടത്. ഇതോടെ, രാജ്യത്ത് രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ എണ്ണം അഞ്ചായി.
കേന്ദ്ര പ്രവിശ്യയായ ഘോറിൽ വച്ചാണ് റേഡിയോ അവതാരകനായ ബിസ്മില്ല കൊല്ലപ്പെട്ടത്. സാദ ഏ ഘോർ (ഘോറിന്റെ ശബ്ദം) റേഡിയോ സ്റ്റേഷന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു അദ്ദേഹം. ബിസ്മില്ലയുടെ വാഹനത്തിന് നേരെ അജ്ഞാതനായ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി നടുക്കം രേഖപ്പെടുത്തി.അഭിപ്രായ സ്വാതന്ത്രം തകർക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സർക്കാർ പ്രതികരിച്ചു.