വാഷിംഗ്ടൺ: ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനമേൽക്കുന്നത് തടയാനായി പുതിയ നീക്കവുമായി 11 റിപ്പബ്ലിക്കൻ സെനറ്രർമാർ. വോട്ടിലെ കൃത്രിമം എന്ന ആരോപണം അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ചില്ലെങ്കിൽ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നാണ് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ നിലപാട്. ബൈഡൻ സ്ഥാനമേൽക്കുന്നതിന്ന ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ സംഭവവികാസം
ട്രെഡ് ക്രൂസിന്റെ നേതൃത്വത്തിൽ 11 സെനറ്റർമാർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ, ഭൂരിഭാഗം സെനറ്റ് അംഗങ്ങളും ബൈഡനെ പിന്തുണക്കുന്നതിനാൽ പുതിയ നീക്കം വിജയിക്കില്ലെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പിൽ ബൈഡൻ 306 വോട്ടുകളും ഡൊണാൾഡ് ട്രംപ് 232 വോട്ടുകളുമാണ് നേടിയത്. ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ബുധനാഴ്ച നടക്കും. ഒാരോ സംസ്ഥാനത്ത് നിന്നുള്ള വോട്ടുകൾ എണ്ണുന്നതിനായി വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സമ്മേളനത്തിൽ അദ്ധ്യക്ഷനാകും.
20ന് നടക്കുന്ന അധികാര കൈമാറ്റ ചടങ്ങുകൾക്ക് മുമ്പ് യു.എസ് കോൺഗ്രസും സെനറ്റും സംയുക്തമായി വിജയിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാൽ, ഇതുവരെ ട്രംപ് പരാജയം പരസ്യമായി അംഗീകരിച്ചിട്ടില്ല.