തമിഴിൽ ഹിറ്റായിരുന്ന മാനഗരം സന്തോഷ് ശിവൻ ഹിന്ദിയിൽ മുംബൈകർ എന്ന പേരിൽ റീമേക്ക് ചെയ്യുന്നു
പ്രമുഖ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'മുംബൈകറി "ന്റെ ചിത്രീകരണം ഈ മാസം 11 ന് മുംബൈയിൽ ആരംഭിക്കും. ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമിഴകത്തിന്റെ മക്കൾ സെൽവം വിജയ് സേതുപതി.
ഇടവേളയ്ക്കു ശേഷം സന്തോഷ് ശിവൻ ഹിന്ദിയിൽ പുതിയ സിനിമാ സംവിധാനം ചെയ്യുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. 2008 ൽ പുറത്തിറങ്ങിയ താഹനാണ് ഏറ്റവുമൊടുവിൽ ഹിന്ദിയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം .
2017 ൽ തമിഴിൽ ഹിറ്റായ ചിത്രം മാനഗരത്തിന്റെ റീമേക്കാണ് 'മുംബൈകർ". ലോകേഷ് കനകരാജിന്റെ ആദ്യ സിനിമയായിരുന്നു ത്രില്ലർ ഗണത്തിൽ പുറത്തിറങ്ങിയ മാനഗരം . കഴിഞ്ഞ ദിവസം മുംബൈകറിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.ചിത്രീകരണം ജനുവരി പതിനൊന്നിന് തുടങ്ങും. ചിത്രത്തിന്റെ റിലീസും ഈ വർഷം ഉണ്ടാകും.
മാനഗരം ഒരു സാധാരണ ദിവസം തുടങ്ങി ആക്ഷൻ ത്രില്ലറിലേക്ക് എത്തിപ്പെടുന്ന രീതിയിലാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്.ചെറിയ രീതിയിൽ പാളിപ്പോയാൽ തിരക്കഥയിൽ വലിയ മാറ്റം സംഭവിച്ചേക്കാവുന്ന മാനഗരം തികച്ചും സംവിധായകന്റെ സിനിമയാണ്. തമിഴിൽ ശ്രീ,സുദീപ് കിഷൻ , ചാർലി , റെജീന കസാൻഡ്ര എത്തിവരാണ് തകർത്ത് അഭിനയിച്ചത്. സുദീപ് കിഷൻ അവതരിപ്പിച്ച വേഷം ഹിന്ദിയിൽ വിക്രാന്ത് മസ്സേ ചെയ്യും. സഞ്ജയ് മിശ്ര, രൺവീർ ഷോറെ, ടാനിയ മണിക്ടാല, സച്ചിൻ ഖഡേക്കർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.ലോകേഷ് കനകരാജിന്റെ മാസ്റ്ററിൽ വിജയ് സേതുപതി പ്രതി നായകന്റെ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
അമീർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദയിലൂടെയാണ് വിജയ് സേതുപതി ബോളിവുഡിലേക്ക് അരങ്ങേറുക എന്നതരത്തിൽ വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. പിന്നീട് അതിൽ നിന്ന് താരം പിന്മാറുകയായിരുന്നു.മലയാളത്തിൽ മഞ്ജു വാര്യറും കാളിദാസ് ജയറാമും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജില്ലാണ് സന്തോഷ് ശിവന്റെ മലയാളം റിലീസ്.മഞ്ജുവാര്യർ ഈ ചിത്രത്തിൽ പാടിയ കിം കിം കിം എന്ന ഗാനം തരംഗമായിരുന്നു.ചെറുത്തു നിൽപ്പാണ് മാനഗരം.
ആശയകുഴപ്പം ഉണ്ടാക്കുന്ന തിരക്കഥയെ ത്രില്ലർ അവതരണത്തിൽ മികവുറ്റതാക്കിയതിൽ ലോകേഷ് കനകരാജ് വിജയിച്ചിരുന്നു. സംവിധാനത്തോടൊപ്പം സന്തോഷ് ശിവൻ തന്നെയാണ് ഛായാഗ്രഹണവും നിർവഹിക്കുക.ഇന്ത്യൻ സിനിമയിലെ പ്രതിഭാശാലിയായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ തന്റെ അച്ഛൻ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും പ്രസ് ഫോട്ടാഗ്രാഫറുമായ ശിവനെക്കുറിച്ച് കേരള മീഡിയാ അക്കാഡമിക്കു വേണ്ടി ശിവനയനം എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു.