ബ്രിസ്ബേനിൽ വീണ്ടും രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയാൻ പറ്റില്ലെന്ന് ഇന്ത്യ
നാലാം ടെസ്റ്റും സിഡ്നിയിൽത്തന്നെ നടത്തിയേക്കും
അഞ്ച് കളിക്കാരെ ഐസൊലേഷനിലാക്കിയതിലും ഇന്ത്യയ്ക്ക് അമർഷം
മെൽബൺ : ബ്രിസ്ബേനിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം അനിശ്ചിതത്വത്തിലാക്കി ക്വാറന്റൈൻ വിവാദം. ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്‌ലാൻഡിലെ ഭരണകൂടം അവിടെയെത്തുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർശന കൊവിഡ് നിയന്ത്രണങ്ങൾ ഇന്ത്യൻ ടീമും പിന്തുടരണമെന്ന് നിർദ്ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ച് നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനിലെത്തുമ്പോൾ ഒരിക്കൽക്കൂടി 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം.ഇതുപറ്റില്ലെന്ന് ബി.സി.സി.ഐ ക്രിക്കറ്റ് ആസ്ട്രേലിയയെ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ബയോസെക്യുവർ ബബിളിന് പുറത്തുപോയി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് ഇന്ത്യൻ കളിക്കാരെ ഐസൊലേഷനിലാക്കിയ നടപടിയും ബി.സി.സി.ഐയെ പ്രകോപിപ്പിച്ചിട്ടുണ്ട്. തങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന രീതിയിൽ ചട്ടങ്ങൾ നടപ്പിലാക്കാൻ നോക്കിയാൽ
പരമ്പര ഉപേക്ഷിച്ച് മടങ്ങേണ്ടി വരുമെന്ന് ബി.സി.സി.ഐ ക്രിക്കറ്റ് ആസ്ട്രേലിയയെ അറിയിച്ചതായി ചില ആസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നാൽ ബി.സി.സി.ഐ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 15നാണ് ഗാബ സ്റ്റേഡിയത്തിൽ നാലാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാകേണ്ടത്.
വിവാദമായത് മന്ത്രിയുടെ പ്രഖ്യാപനം
നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അവിടേക്കു ചെല്ലണ്ടതില്ലെന്ന ക്വീൻസ്‍ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്സ് എംപിയുടെ പ്രഖ്യാപനമാണ് വിവാദത്തിന് തുടക്കമിട്ടത്. വീണ്ടും ക്വാറന്റൈനിൽ കഴിയുന്നതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ക്വാറന്റൈൻ ഒഴിവാക്കണമെന്ന ഇന്ത്യയുടെ ആവശ്യം ക്വീൻസ്‍ലാൻഡ് കായികമന്ത്രിയും പിന്നീട് തള്ളിക്കളഞ്ഞു.
നാലാം ടെസ്റ്റും സിഡ്നിയിൽ?
ബ്രിസ്ബേനിൽ ചട്ടങ്ങൾ കർശനമായി തുടരുകയും ഇന്ത്യൻ ടീം അവിടേക്കു പോകാൻ വിസമ്മതിക്കുകയും ചെയ്താൽ മൂന്നാം ടെസ്റ്റിനു വേദിയാകുന്ന സിഡ്നിയിൽത്തന്നെ നാലാം ടെസ്റ്റും നടത്തിയേക്കുമെന്ന് സൂചനയുണ്ട്. സിഡ്നിയിൽ കൊവിഡ് വ്യാപനമുള്ളതിനാൽ രണ്ടാം ടെസ്റ്റിന് ശേഷം മെൽബണിൽ തുടരുകയാണ് ഇരുടീമുകളും. നേരത്തേ മൂന്നാം ടെസ്റ്റും മെൽബണിൽത്തന്നെ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് വേദി മാറ്റേണ്ടതില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.
ക്വാറന്റൈനോട് ക്വാറന്റൈൻ
സെപ്തംബറിൽ ഐ.പി.എല്ലിന് മുമ്പേതന്നെ ക്വാറന്റൈനിലിരിക്കാൻ തുടങ്ങിയതാണ് ഇന്ത്യൻ കളിക്കാർ. ആറു മാസത്തോളമായി പലപല ബയോ സെക്യുവർ ബബിളുകളിലുമായിരുന്നു. ഐ.പി.എൽ കഴിഞ്ഞ് സിഡ്നിയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈനിലായിരുന്നു.ഒരു പര്യടനത്തിൽത്തന്നെ രണ്ടാമതും രണ്ടാഴ്ച ഹോട്ടൽ മുറിയിൽ അടച്ചുപൂട്ടിയിരിക്കാൻ തങ്ങളെകിട്ടില്ലെന്ന് ചില സീനിയർ താരങ്ങൾ ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആരാധകൻ നൽകിയ പണി
പുതുവർഷ ദിനത്തിൽ ടീം ഹോട്ടലിന് പുറത്തുള്ള റസ്റ്റൊറന്റിൽ നിന്ന് ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ട്വീറ്റ് ചെയ്തത് നവൽദീപ് സിങ് എന്ന ഒരു ആരാധകനാണ്.വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, നവ്ദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏകദേശം 6,600 രൂപയുടെ ബിൽ താനാണ് അടച്ചതെന്നും ഋഷഭ് പന്ത് തന്നെ ആലിംഗനം ചെയ്തെന്നും നവൽദീപ് ട്വീറ്റ് ചെയ്തു. ബില്ലിന്റെ ചിത്രവുമിട്ടു. ട്വിറ്റർ ചിത്രങ്ങളും വിഡിയോയും വൈറലായതോടെയാണു ക്രിക്കറ്റ് ബോർഡുകൾ ഇടപെട്ടത്. എന്നാൽ, സംഭവം കോവിഡ് ചട്ടങ്ങളുടെ ലംഘനമാണെന്നു വിമർശനമുയർന്നതോടെ പന്ത് തന്നെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും ആവേശത്തിൽ അങ്ങനെ എഴുതിപ്പോയതാണെന്നും വിശദീകരണവുമായി ഇയാൾ രംഗത്തിറങ്ങി.
ഒരുമിച്ച് യാത്രചെയ്യാം
സംഭവം വിവാദമായതടെ അഞ്ച് ഇന്ത്യൻ താരങ്ങളെയും ക്രിക്കറ്റ് ആസ്ട്രേലിയ നിർബന്ധിത ഐസൊലേഷനിലാക്കി. ആസ്ട്രേലിയൻ, ഇന്ത്യൻ ക്രിക്കറ്റ് ബോർഡുകൾ സംയുക്ത അന്വേഷണവും പ്രഖ്യാപിച്ചു. അതേസമയം സാമൂഹിക അകലം പാലിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കാൻ താരങ്ങൾക്ക് അനുവാദം കൊടുത്തിട്ടുണ്ടെന്നാണു ബി.സി.സി.ഐ പറയുന്നത്. എന്നാൽ, ഓസീസ് ബോർഡ് പുറത്തിറക്കിയ ചട്ടങ്ങൾ പ്രകാരം ഭക്ഷണശാലകളുടെ ഉള്ളിലിരുന്നു കഴിക്കാൻ താരങ്ങൾക്ക് അനുവാദമില്ല. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും പാടില്ല. ബി.സി.സി.ഐയുടെ അമർഷം കണക്കിലെടുത്ത് സിഡ്നിയിലേക്കുള്ള യാത്രയിൽ ഐസൊലേഷനിലുള്ള താരങ്ങളെയും മറ്റ് താരങ്ങൾക്ക് ഒപ്പം ഒരേ വിമാനത്തിൽ അയയ്ക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയ സമ്മതിച്ചിട്ടുണ്ട്.