അമിത് ചക്കാലക്കൽ നായകനാകുന്ന യുവം 2021 ഫെബ്രുവരിയിൽ റിലീസിനൊരുങ്ങുന്നു. നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ടാണ് അണിയറ പ്രവർത്തകർ റിലീസ് സമയം പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ തീയേറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ച അവസരത്തിൽ തന്നെ ചിത്രങ്ങൾ റിലീസ് തീയതി പുറത്തുവിടുന്നത് പ്രേക്ഷകർക്കിടയിലും സിനിമ ലോകത്തിലും പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്.
ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്. കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ് ടീസർ പുറത്തിറങ്ങിയത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനരചയിതാവ്.
ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്‌ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്‌ടെയിന്റ്‌മെന്റ് വിഎഫ്എക്‌സും കൈകാര്യം ചെയ്തിരിക്കുന്നു.