അമ്പലപ്പുഴ: പ്രമുഖ തിരക്കഥാകൃത്ത് അമ്പലപ്പുഴ കോമന പ്ലാക്കുടി ലെയ്‌നിൽ പാണ്ഡവത്ത് വീട്ടിൽ കേശവൻനായർ - ശങ്കരീദേവി ദമ്പതികളുടെ മകൻ ഷാജി പാണ്ഡവത്ത് (62) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു അന്ത്യം.
കക്കരവി, കാർത്തിക തുടങ്ങിയവർ അഭിനയിച്ച് പോൾ ബാബു സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ 'ആവണിക്കുന്നിലെ കിന്നാരപൂക്കളു'ടെ കഥ ഷാജി പാണ്ഡവത്തിന്റേതായിരുന്നു. 1995 ൽ പുറത്തിറങ്ങിയ ടി.എസ്. സുരേഷ് സംവിധാനം ചെയ്ത പ്രായിക്കാരൻ പാപ്പാന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചു. കടൽകാക്ക, ഗംഗോത്രി തുടങ്ങിയ സിനിമകളുടെയും തിരക്കഥ ഒരുക്കി. നിരവധി സീരിയലുകൾക്കും കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.പുതുമുഖങ്ങളെ അണിനിരത്തി ഷാജി സംവിധാനം ചെയ്ത ആർട്ട് ഫിലിം 'കാക്കത്തുരുത്ത് ' പ്രദർശനത്തിനുള്ള തയാറെടുപ്പിലാണ്. വിപ്ലവഗായിക മേദിനിയുടെ മകൾ ഹസ്നയാണ് ഭാര്യ. മക്കൾ: ടീന, ഹിമ. മരുമക്കൾ: ഷൈൻ, വിവേക്. സംസ്കാരം ഇന്ന് അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ.