gold

 ₹10 ലക്ഷത്തിന് മുകളിലെ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ അറിയിക്കണമെന്ന് സർക്കുലർ

കൊച്ചി: സ്വർണാഭരണ മേഖലയെയും പണംതിരിമറി തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) കീഴിലാക്കിയ ഡിസംബർ 28ലെ ധനമന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വർണക്കടകൾക്ക് സർക്കുലർ അയയ്ച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്.

ഒരുമാസം ഒരു ഉപഭോക്താവിൽ നിന്ന് ഒന്നോ അധിലധികമോ തവണകളിലായി പത്തുലക്ഷം രൂപയുടെ ഇടപാട് നടത്തിയാൽ, അതിന് കൃത്യമായ രേഖകൾ സൂക്ഷിക്കണമെന്നും ഇടപാട് വിവരങ്ങൾ ഇ.ഡിയെ അറിയിക്കണമെന്നുമാണ് സർക്കുലർ. കാശ് (കറൻസി നോട്ടുകൾ) നൽകി സ്വർണം വാങ്ങുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും സർക്കുലർ പറയുന്നു.

ബാങ്കുകളോ ഏതെങ്കിലും സർക്കാർ വകുപ്പോ സർക്കാർ ഏജൻസിയോ രേഖകളില്ലാത്ത (അൺഅക്കൗണ്ടഡ്) പണം, സ്വർണാഭരണം എന്നിവ പിടിച്ചെടുത്താൽ നിലവിൽ അതിന്റെ 82.50 ശതമാനം (അതായത് 100 രൂപയ്ക്ക് 82.50 രൂപ വീതം) സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്‌തിരുന്നത്. എന്നാൽ, ഇനിമുതൽ അത്തരം ഇടപാടുകൾ ഇ.ഡി അന്വേഷിക്കും. മാത്രമല്ല, പി.എം..എൽ.എ പ്രകാരം കണ്ടുകെട്ടലിന് പുറമേ കടയിലെ ജീവനക്കാരനും ഉടമയ്ക്കും മൂന്നുമുതൽ ഏഴുവർഷം വരെ ജയിൽശിക്ഷയും കിട്ടുമെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് സ്വർണക്കടത്ത് കേസുകൾ വർദ്ധിക്കുന്നതും അതിൽ ഉന്നതർപോലും ഉൾപ്പെടുന്നതുമായ പശ്ചാത്തലത്തിൽ കൂടിയാണ് എൻഫോഴ്‌സ്‌മെന്റിന്റെ സർക്കുലർ.

'സ്വർണാഭരണ മേഖലയെ

മാത്രം താറടിക്കുന്നു"

പരമ്പരാഗതമായി നിയമാനുസൃതം പ്രവർത്തിക്കുന്ന സ്വർണാഭരണ വിതരണക്കാരെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സർക്കുലറെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ പറഞ്ഞു.

സർക്കാരിൽ നിന്നുൾപ്പെടെ എല്ലാവിധ അനുമതിയും വാങ്ങിയാണ് സ്വർണക്കടകളുടെ പ്രവർത്തനം. ഈ കടകളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റാനും അനധികൃത കച്ചവടം പ്രോത്സാഹിപ്പിക്കാനും മാത്രമേ സർക്കുലർ ഉപകരിക്കൂ. അരക്കിലോ സ്വർണം മാത്രം കൈവശമുള്ള ചെറുകിട സ്വർണക്കടക്കാരന് വരെ നോട്ടീസ് അയയ്ച്ചിരിക്കുന്നു. വ്യാപാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഇ.ഡിയുടെ സർക്കുലർ പ്രതിഷേധാർഹമാണ്.

പ്രീമിയം സ്മാർട്ഫോൺ, ടിവി, ആഡംബര വാഹനങ്ങൾ എന്നിവ വാങ്ങുന്നവർക്കുമേൽ ഇ.ഡിയുടെ അന്വേഷണമില്ല. സ്വർണ മേഖലയെ മാത്രമാണ് വേട്ടയാടുന്നത്. സംസ്ഥാനത്തേക്ക് വരുന്ന കള്ളക്കടത്ത് സ്വർണം എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടെത്താൻ ഇ.ഡിക്ക് കഴിയുന്നില്ല.

ജീവിതകാലം മുഴുവൻ കഷ്‌ടപ്പെട്ട് സമ്പാദിച്ച പണംകൊണ്ട്, മകൾക്കായി 20 പവൻ സ്വർണാഭരണം വാങ്ങിച്ചയാൾ, പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാണ് ഇ.ഡി. പറയുന്നത്. ഇത് സമൂഹത്തെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.